| Saturday, 11th April 2020, 1:11 pm

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നെന്നും കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

നിരന്തരം പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം കടമ മറക്കുന്നുവെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷം എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന അതേ നിലപാടാണ് കേരളത്തില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തലയും സ്വീകരിക്കേണ്ടതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ തോമസ് ഐസക്കിനെ പോലെയുള്ളവര്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുമുണ്ട്. എല്ലാ കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയും ശരിയല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നത് അപകടരമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പദ്ധതികളും പ്രഖ്യാപനങ്ങളും നടപ്പിലാകുന്നുണ്ടോ എന്നത് അറിയാനുള്ള സംവിധാനമില്ല എന്നത് ഒരു പോരായ്മയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more