| Sunday, 8th January 2023, 11:54 am

മുസ്‌ലിം മുഖ്യമന്ത്രിയെ ഇടതുപക്ഷം സ്വപ്നം കാണുന്നു, ലീഗിന്റെ മെഗാഫോണായാണ് റിയാസ് പ്രവര്‍ത്തിക്കുന്നത്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം പരിശോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

റിയാസിന്റെ ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. മന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്‌ലിം മുഖ്യമന്ത്രിയെ ഇടതുപക്ഷം സ്വപ്നം കാണുന്നുവെന്നും, ലീഗിന്റെ മെഗാഫോണായി റിയാസ് പ്രവര്‍ത്തിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കലോത്സവ സ്വാഗത ഗാനത്തില്‍ അത് കേട്ടവര്‍ക്ക് വര്‍ഗീയത തോന്നിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കലോത്സവ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഇടതുപക്ഷമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഭരണപക്ഷം ശ്രമിക്കുന്നു. ഇന്നേവരെ കേരളത്തില്‍ ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി, പഴയിടത്തെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പര്യവും, സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിനിടെ ബോധപൂര്‍വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ കലോത്സവത്തിന്റെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നത്.

ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയായിരുന്നു വിമര്‍ശനം.

സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് സേവാഭാരതി പ്രവര്‍ത്തകനാണെന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

Content Highlight: BJP Leader K Surendran Against Minister Muhammed Riyas

We use cookies to give you the best possible experience. Learn more