തിരുവനന്തപുരം: ചെമ്പഴന്തിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം തികഞ്ഞ ജല്‍പനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയെന്നും, ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ കേരളത്തില്‍ ഭരണം നടത്തുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവോത്ഥാന സമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
മുഖ്യമന്ത്രി ഭരണഘടനക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. മതേതരത്വം എന്നുള്ളത് താങ്കള്‍ക്ക് കേവലം വര്‍ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരള നവോത്ഥാന സമിതി തിരുവനന്തപുരം ചെമ്പഴന്തിയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭരണഘടന ആക്രമണം നേരിടുന്ന കാലമാണിത്. രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണ്.
ഗാന്ധി വധത്തെ ഗാന്ധി മരണം എന്നാക്കി മാറ്റുകയാണ് ചിലര്‍. വധവും മരണവും തമ്മില്‍ വ്യത്യാസമുണ്ട്. ഗാന്ധിയുടേയും അംബേദ്കറുടേയും ഓര്‍മകള്‍ മായ്ച്ചു കളയാന്‍ ശ്രമം നടത്തുന്നു. ഭരണഘടനാ ശില്‍പിയല്ല അംബേദ്കര്‍ എന്ന് ചിലര്‍ വാദിച്ച് തുടങ്ങിയിരിക്കുന്നു.
ഹിന്ദു എന്ന പദത്തിന് വിപരീതം മുസ്‌ലിമാണെന്ന് ചിലയിടങ്ങളില്‍ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കലുഷമാകുന്ന ഈ കാലത്ത് നമുക്ക് ഗാന്ധിജിയെയും അംബേദ്കറേയും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഗുരു വചനങ്ങളുടെ പ്രസക്തി സമൂഹത്തെ വീണ്ടും പഠിപ്പിക്കേണ്ടിയിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരുടെയും ദയാവായ്പ്പല്ല, അത് ഭരണഘടന സമ്മാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചെമ്പഴന്തിയില്‍ മുഖ്യമന്ത്രി ഇന്ന് കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്‍പനമാണ്. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി വിജയന്‍. ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ ഇവിടെ ഭരണം നടത്തുന്നത്.
ഭരണഘടന അനുസരിച്ചാണോ പിണറായി വിജയന്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയത്? ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകള്‍ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സര്‍വ്വകലാശാലകളില്‍ താങ്കള്‍ ഭരണം നടത്തുന്നത്?
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ വെച്ചതും സുപ്രീം കോടതിയില്‍ പോയതും ഏത് ഭരണഘടന അനുസരിച്ചാണെന്നു കൂടി താങ്കള്‍ പറയണം.
സി.എ.ജി റിപ്പോര്‍ട്ട് അട്ടിമറിക്കാനും പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ തിരിയാനും ഏത് ഭരണഘടനയെയാണ് താങ്കള്‍ കൂട്ടുപിടിക്കുന്നത്? ഇത് കേരളമാണെന്ന് പറഞ്ഞുള്ള ഈ വിരട്ടല്‍ താങ്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്.
മുഖ്യമന്ത്രി, ഭരണഘടനക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. പിന്നെ മതേതരത്വം എന്നുള്ളത് താങ്കള്‍ക്ക് കേവലം വര്‍ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല ശ്രീ. പിണറായി വിജയന്‍. താങ്കളുടെ നേതൃത്വത്തിലുള്ള നവോത്ഥാന സമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണ് ശ്രീ. പിണറായി വിജയന്‍.
Content Highlight: BJP Leader K Surendran against CM Pinarayi Vijayan