ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണിയുടെ റാലിയില്‍ പങ്കെടുത്ത് ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍. കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെയാണ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. ജാര്‍ഖണ്ഡിലെ ബര്‍ഹി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത ആശിഷ് സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ജെ.പി പട്ടേലാണ് ബര്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജാര്‍ഖണ്ഡിലെ 14 ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13 മുതലാണ് ആരംഭിച്ചത്. നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 20നാണ് ബര്‍ഹി മണ്ഡലത്തില്‍ ലോക്സഭാ സീറ്റില്‍ വോട്ടെടുപ്പ്.
മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംങ് എം.പിയുമായ ജയന്ത് സിന്‍ഹയെ ഒഴിവാക്കിയാണ് ബി.ജെ.പി പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. 26 വര്‍ഷത്തിലേറെയായി സിന്‍ഹ കുടുംബം കയ്യാളിയിരുന്ന മണ്ഡലമാണ് ബര്‍ഹി. 1998 മുതല്‍ ജയന്ത് സിന്‍ഹയും പിതാവ് യശ്വന്ത് സിന്‍ഹയുമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടുകളോടുള്ള അതൃപ്തിയാണ് പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള കാരണം.