ചെന്നൈ: മെര്‍സലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കനക്കുകയാണ്. ചിത്രത്തിനെതിരായ ബി.ജെ.പി പ്രചരണത്തിന് പിന്നാലെ ചിത്രത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ട് തമിഴ് സിനിമാ ലോകം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
കമല്‍ഹാസനും വിജയ് സേതുപതിയും ചിത്രത്തിന് അനുകൂലമായി പ്രസ്താവന നടത്തുകയും ഒരു കാരണവശാലും റീസെന്‍സര്‍ നടത്താന്‍ പാടില്ലെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ മെര്‍സല്‍വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ വിശാലും രംഗത്തെത്തിയിരിക്കുയാണ്. സിനിമയെ കുറിച്ചുമാത്രമല്ല സിനിമ നെറ്റില്‍ കണ്ടെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് എച്ച് രാജയ്‌ക്കെതിരെയും വിശാല്‍ രംഗത്തെത്തി.
താന്‍ അമ്പരന്നു പോകുകയാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു താന്‍ പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഏതോ വെബ് സൈറ്റില്‍ കണ്ടുവെന്ന്. ഇതു വിഷമകരമാണ്. ഇനി ഗവണ്‍മെന്റ് പൈറസിയെ നിയമപരമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ?
സിനിമാ മേഖലയില്‍ ഉള്ളവരേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളേയും മരണത്തിലേക്ക് തള്ളിവിടാനാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത്? ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണം. ആത്മാര്‍ത്ഥതയുള്ള പൗരന്‍ എന്ന നിലയിലാണ് ഇത് പറയുന്നത്. – വിശാല്‍ പറയുന്നു.
ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ എച്ച് രാജയോട് “താങ്കള്‍” സിനിമ കണ്ടോ എന്ന ചോദ്യത്തിന് “നെറ്റില്‍ ഞാന്‍ കണ്ടിരുന്നു” എന്നായിരുന്നു മറുപടി നല്‍കിയത്.
സിനിമ മുഴുന്‍ കണ്ടില്ലെന്നും, സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ചില രംഗങ്ങള്‍ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആ രംഗങ്ങള്‍ മാത്രമേ കണ്ടുവുള്ളൂവെന്നും രാജ പരിപാടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ താന്‍ കണ്ടത് ഇന്റര്‍നെറ്റില്‍ വൈറലായ രംഗങ്ങള്‍ മാത്രമാണെന്നും മുഴുവന്‍ സിനിമയും വെബ് സൈറ്റില്‍ കണ്ടുവെന്ന് എവിടെയെങ്കിലും പറഞ്ഞിരുന്നോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.