| Monday, 22nd October 2018, 1:04 pm

'മാപ്പ്, നിരുപാധികം' കോടതിയെ തെറിവിളിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കോടതിയില്‍ നേരിട്ടെത്തി മാപ്പുപറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:കോടതിയെ ചീത്തവിളിച്ചതിന് മദ്രാസ് ഹൈക്കോടതിക്കു മുമ്പാകെ നിരുപാധികം മാപ്പു പറഞ്ഞ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. രാജ.

പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കോടതിയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതെന്നും പിന്നീട് തെറ്റ് തിരിച്ചറിഞ്ഞുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഖേദപ്രകടനത്തെ തുടര്‍ന്ന് കോടതി അദ്ദേഹത്തിനെതിരായ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.

പൊലീസിനെ ഹിന്ദുവിരുദ്ധരെന്നും അഴിമതിക്കാരെന്നും വിളിക്കുകയും ഹൈക്കോടതിയ്‌ക്കെതിരെ തെറിവിളിക്കുകയും ചെയ്യുന്ന എച്ച്. രാജയുടെ വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ കോടതി ഇതിനെതിരെ നടപടിയെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 17നാണ് ജസ്റ്റിസ് സി.ടി സെല്‍വം, നിര്‍മ്മല്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇവര്‍ രാജയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തു.

Also Read:തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട്; ജയിലില്‍ ധ്യാനത്തിന് പോയ വികാരമായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ മെയ്യാപുരം ഗ്രാമത്തില്‍ ഗണേശോത്സവത്തിനിടെ പൊലീസ് തടഞ്ഞപ്പോഴായിരുന്നു എച്ച്. രാജയുടെ ചീത്തവിളി. എന്നാല്‍ ഈ വീഡിയോയിലേത് തന്റെ ശബ്ദമല്ലെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

സംഭവത്തെ തുടര്‍ന്ന് എച്ച്. രാജയ്‌ക്കെതിരെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്തിരുന്നു. നേരത്തെയും എച്ച്.രാജയുടെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നാലെ ഇനി തകര്‍ക്കേണ്ടത് പെരിയാറിന്റെ പ്രതിമയാണെന്ന് രാജ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more