തിരുവനന്തപുരം: മണിപ്പൂര്‍ കലാപം ഇല്ലാതാക്കണമെങ്കില്‍ 50,000 പേരെ വെടിവെക്കേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന്‍. അതിനേക്കാള്‍ നല്ലത് നൂറോ നൂറ്റമ്പതോ പേര്‍ മരിക്കുന്നതല്ലേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍.
മോദി വിഷയത്തില്‍ പ്രതികരിച്ചത് പോലെ ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്തരം സംഭവങ്ങളില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മെയ് നാലാം തിയതി തന്നെ സര്‍ക്കാര്‍ നടപടി സ്വീകിച്ചിട്ടുണ്ട്. ഇത് പൊളിറ്റക്കലായ വിഷയമല്ല. ഇത് വംശീയമായ വിഷയമാണ്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇതുപോലെ ഇങ്ങനെയുള്ള വിഷയങ്ങളില്‍ പ്രതികച്ചിട്ടുണ്ടാകില്ല. ഞാന്‍ തല താഴ്ത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കലാപത്തിനെതിരെ നടപടിയെടുക്കും, ആരെയും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിട്ടുണ്ട്.
എല്ലാക്കാര്യത്തിലും പ്രധാനമന്ത്രി മറുപടി പറയില്ല. യു.പി.എ സര്‍ക്കാരായപ്പോള്‍ മന്‍മോഹന്‍ സിങ് എത്ര തവണ മറുപടി പറഞ്ഞിട്ടുണ്ട്. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം.എന്നാല്‍ പ്രധാനമന്ത്രി മിണ്ടണം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്,’ ജോര്‍ജ് കുര്യന്‍ പറഞ്ഞു.