ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് പ്രതിനിധിയ്‌ക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി അവതാരിക റുബിക ലിയാഖത്. എ.ബി.പി ന്യൂസിലെ ലൈവ് ടി.വി ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.
തന്റെ വാദം കേട്ട് കോണ്‍ഗ്രസ് വക്താവ് റോഹന്‍ ഗുപ്ത വിറച്ചുപോയെന്നും അതുകൊണ്ട് പോയി പെറ്റിക്കോട്ട് ധരിക്കൂവെന്നുമാണ് ഭാട്ടിയ പറഞ്ഞത്. “അത്ര പേടിയുണ്ടെങ്കില്‍ പോയി ഒരു പെറ്റിക്കോട്ട് ധരിക്കൂ.” ഇതായിരുന്നു ഭാട്ടിയയുടെ പരാമര്‍ശം.
അദ്ദേഹം ഇത് പറഞ്ഞയുടന്‍ അവതാരിക റുബിക ഇതിനെതിരെ പ്രതികരിച്ചു. രോഷത്തോടെയാണ് റുബിക സംസാരിച്ചത് ” ഗൗരവ് ഭാട്ടിയ എന്താണിത്? എന്തുതരം ഭാഷയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്? എന്റെ ഷോയില്‍ ഇത്തരം നാടകംകളി വേണ്ട. പോയി പെറ്റിക്കോട്ട് ധരിക്കൂവെന്ന പരാമര്‍ശം കൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അവര്‍ പ്രതിപക്ഷത്തുള്ളവരാണ്. അവര്‍ക്ക് നിങ്ങളോട് ചോദ്യം ചോദിക്കാനുളള അവകാശമുണ്ട്.” റുബിക പറഞ്ഞു.
പ്രതിപക്ഷ പ്രതിനിധിയെ മൂട്ടയെന്നു വിശേഷിപ്പിച്ച ഭാട്ടിയയുടെ നടപടിയേയും റുബിക വിമര്‍ശിച്ചു. ഇത്തരമൊരു പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് പ്രതിനിധിയോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാട്ടിയ മാപ്പു പറയാന്‍ വിസമ്മതിച്ചു. താന്‍ പെറ്റിക്കോട്ട് ധരിക്കുന്നതുകൊണ്ട് ധൈര്യശാലിയല്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും റുബിക ഭാട്ടിയയോട് ചോദിച്ചു.
അതേസമയം, ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയ ബി.ജെ.പി വക്താവ് സമ്പിത് പത്രയോട് ഭാട്ടിയയെ സോഷ്യല്‍ മീഡിയ ഉപമിക്കുന്നുണ്ട്. “അഭിനവ സമ്പിത് പത്ര” എന്നാണ് ഇവര്‍ ഭാട്ടിയയെ വിശേഷിപ്പിച്ചത്.
BJP spokesman @gauravbh slanders women/opposition saying:”Wear petticoat…” and doesn’t stop or apologise even after anchor objects to his abusive tirade. pic.twitter.com/6iv3p2726j
— TheAgeOfBananas (@iScrew) March 5, 2019