അമ്മയേയും സഹോദരപുത്രിയേയും ബി.ജെ.പി നേതാവ് വീട്ടില്‍ നിന്ന് പുറത്താക്കി
Kerala News
അമ്മയേയും സഹോദരപുത്രിയേയും ബി.ജെ.പി നേതാവ് വീട്ടില്‍ നിന്ന് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th March 2022, 10:18 pm

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരപുത്രിയേയും വയോധികയായ അമ്മയേയും ബി.ജെ.പി നേതാവ് വീട്ടില്‍ നിന്ന് പുറത്താക്കി. പാലക്കാട് ജില്ലയിലെ ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടത്തറയിലാണ് സംഭവം. ബി.ജെ.പി നേതാവായ വിജയകുമാറാണ് തന്റെ വയോധികയായ അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരപുത്രിയേയും മാനസികവൈകല്യമുള്ള സഹോദരിമാരേയും വീട്ടില്‍ നിന്ന് പുറത്താക്കിയത്.

വീട് തന്റെ പേരിലാണെന്ന വാദമുയര്‍ത്തിയാണ് വിജയകുമാര്‍ ഇവരെ പുറത്താക്കിയത്. വിജയകുമാറിന്റെ അമ്മ സരസ്വതിയുടെ കൈയ്യില്‍ നിന്നും ദാനക്കരാര്‍ പ്രകാരം ഭൂമി സ്വന്തമാക്കിയെന്നാണ് വിജയകുമാര്‍ പറയുന്നത്. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് തന്റെ ഒപ്പ് വാങ്ങിയതെന്നാണ് അമ്മ സരസ്വതിയുടെ പ്രതികരണം.

മകന്റെ ഭീഷണിയും മര്‍ദനവും ഭയന്ന് വയോധികയായ സരസ്വതിയും കുടുംബവും ആനക്കട്ടിയില്‍ വാടകക്ക് വീടെടുത്താണ് താമസം.

ഫെബ്രുവരി മൂന്നിന് വിജയകുമാറിന്റെ പിതാവ് മരിച്ച ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിതാവ് മരിച്ച് ഒരു മാസം കഴിഞ്ഞാണ് സ്വത്തിനുവേണ്ടി സ്വന്തം അമ്മയേയും സഹോദരങ്ങളേയും തെരുവിലേക്കിറക്കി വിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും സി.പി.ഐ.എം പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷോളയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പുറത്തിറക്കിയ വീട്ട് സാധനങ്ങള്‍ അകത്തേക്ക് കയറ്റി വെക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇത് വിജയകുമാറും കുടുംബവും തടഞ്ഞതോടെ ഇവരെ ബലമായി പൊലീസ് പിടിച്ച് മാറ്റുകയും ചെയ്തു.