മുംബൈ: കോണ്‍ഗ്രസും എന്‍.സി.പിയുമായി സഖ്യത്തിലേര്‍പ്പെട്ട ശിവസേനയ്ക്ക് ഹിന്ദുത്വ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് ബി.ജെ.പി നേതാവ് ആശിഷ് ഷേലര്‍. ദസറ ആഘോഷങ്ങള്‍ക്കിടെ ബി.ജെ.പിയ്‌ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആശിഷിന്റെ പ്രതികരണം.
ശിവസേനയ്ക്ക് ഹിന്ദുത്വമില്ലെന്നും ഉദ്ദവ് താക്കറെ ആര്‍.എസ്.എസില്‍ നിന്ന് ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ വാങ്ങണമെന്നും ആശിഷ് പറഞ്ഞു.
‘ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ തകര്‍ന്നടിഞ്ഞ ഒരു ചിത്രത്തിനു സമാനമായിരുന്നു ശിവസേനയുടെ ദസറ റാലി. തന്റെ ഹിന്ദുത്വത്തെ ആര്‍.എസ്.എസിന്റെ ഹിന്ദുത്വ തത്വങ്ങളോട് ഉപമിക്കുകയാണ് താക്കറെ ഇപ്പോള്‍. എന്‍.സി.പിയും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട താക്കറെയ്ക്ക് യഥാര്‍ത്ഥ ഹിന്ദുത്വമെന്തെന്നറിയില്ല. അതുകൊണ്ട് തന്നെ ആര്‍.എസ്.എസില്‍ നിന്ന് ഹിന്ദുത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് അത്യാവശ്യമാണ്- ആശിഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ദസറ ആഘോഷങ്ങള്‍ക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി താക്കറെ രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെയും താക്കറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ പേരെടുത്ത് പറയാതെയായിരുന്നു ഉദ്ദവിന്റെ വിമര്‍ശനം.
‘ഞങ്ങളുടെ ഹിന്ദുത്വത്തെ കുറിച്ച് ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ക്ഷേത്രങ്ങള്‍ തുറന്നില്ലെന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഈ വിമര്‍ശനം നടത്തിയവരോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങള്‍ ഇന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസംഗം കേള്‍ക്കു. ഹിന്ദുത്വമെന്നാല്‍ പൂജകള്‍ ചെയ്യുന്നതും ക്ഷേത്രങ്ങളില്‍ പോകുന്നതു മാത്രമല്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. അത് പിന്തുടരുക’- ഉദ്ദവ് പറഞ്ഞിരുന്നു.
അതേസമയം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. മഹാരാഷ്ട്രയില്‍ ഹിന്ദു വികാരം സംരക്ഷിക്കാനെന്ന പേരില്‍ ബീഫ് നിരോധിച്ചെന്നും എന്നാല്‍ ഗോവയില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നിലപാട് സ്വീകരിക്കുന്നവരാണോ തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക