ഇന്ത്യന്‍ ദേശീയ പതാകയെ താലിബാന്‍ പതാകയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വ്യാപക വിമര്‍ശനം
karanataka
ഇന്ത്യന്‍ ദേശീയ പതാകയെ താലിബാന്‍ പതാകയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 8:20 am

ബംഗളൂരു: ഇന്ത്യന്‍ ദേശീയ പതാകയെ അധിക്ഷേപിച്ച് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് സി.ടി. രവി. കര്‍ണാടകയില്‍ കേരഗോഡു ഗ്രാമപഞ്ചായത്തിലെ കൊടിമരത്തില്‍ ഹനുമാന്‍ പതാകയ്ക്ക് പകരം താലിബാന്‍ പതാക ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.ടി. രവി ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഹനുമാന്‍ പതാക നീക്കം ചെയ്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് താലിബാന്‍ പതാക സ്ഥാപിക്കാനാണ് ആഗ്രഹക്കുന്നതെന്ന് സി.ടി. രവി ആരോപിച്ചു. എന്നാല്‍ തങ്ങള്‍ ഇന്ന് കേരഗോഡു പഞ്ചായത്തിലെ കൊടിമരത്തില്‍ ഹനുമാന്‍ പതാക സ്ഥാപിക്കുമെന്നും താലിബാന്‍ പതാകകളുടെ കാലം കഴിഞ്ഞുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ബി.ജെ.പി നേതാവ് പറഞ്ഞു.

കൊടിമരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക പതിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരഗോഡു ഗ്രാമത്തില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. കുമാരസ്വാമിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്റെ ഛായാചിത്രം ആലേഖനം ചെയ്ത കൊടികള്‍ നീക്കം ചെയ്ത് അധികാരികള്‍ ദേശീയ പതാക സ്ഥാപിച്ചിരുന്നു. 108 അടി ഉയരമുള്ള കൊടിമരത്തില്‍ നിന്ന് ഹനുമധ്വജ എന്നെഴുതിയ കൊടികള്‍ നീക്കം ചെയ്തതിന് പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹനുമാന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന കാവി പതാക പൊതുസ്ഥാപനത്തില്‍ ഉയര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ഏതാനും വ്യക്തികള്‍ പരാതി തദ്ദേശീയ അധികാരികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പതാക നീക്കം ചെയ്യാന്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയോടും ദേശീയ പതാകയോടും അഖണ്ഡതയോടും താത്പര്യമില്ലെങ്കില്‍ പാര്‍ട്ടിയുടെ ലക്ഷ്യസ്ഥാനമായ പാകിസ്താനിലേക്ക് ബി.ജെ.പി നേതാക്കള്‍ക്ക് പോവാമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആര്‍.ഡി.പി.ആര്‍ മന്ത്രിയുമായ ബി.ടി. പ്രിയങ്ക് ഖാര്‍ഗെ തിങ്കളാഴ്ച പറഞ്ഞിരുന്നു.

Content Highlight: BJP leader compares Indian national flag to Taliban flag