കണ്ണൂര്‍: നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന നിലപാട് തള്ളി ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്‍.
ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ലെന്നും വാക്കുകള്‍ കരുതലോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തീപ്പൊരി വീണാല്‍ കാട്ടുതീയാകുമെന്നും അതിന് ഇടയാക്കിയാല്‍ വലിയ അപകടമാകുമെന്നും സി.കെ. പദ്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.
” നാര്‍ക്കോട്ടിക് മാഫിയ വളരെ ശക്തമായിട്ട് നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിന്നെ നമ്മുടെ ബിഷപ്പ് പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍ അതിലൊരു ജിഹാദ് എന്ന വാക്കു കൂടി കൂട്ടിപ്പറഞ്ഞു. അതിനപ്പുറം എന്തെങ്കിലും ഗൗരവം ഇതിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ജിഹാദ് എന്ന വാക്കിന് ഇപ്പോള്‍ വേറെയും അര്‍ത്ഥം ഉണ്ടെന്നാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. നമ്മള്‍ പണ്ട് വിചാരിച്ച അര്‍ത്ഥമല്ല അതിന്. അതുകൊണ്ട് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതലോടുകൂടി ഉപയോഗിക്കുക. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തികൊടുക്കുന്ന സമീപനം ശരിയല്ല,” സി.കെ. പദ്മനാഭന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനായി കണ്ണൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിയതായിരുന്നു സി.കെ. പദ്മനാഭന്‍.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും സി.കെ. പദ്മനാഭന്‍ വിട്ടുനിന്നിരുന്നു. കൊച്ചിയില്‍ ഉണ്ടായിരുന്നിട്ട് പോലും അദ്ദേഹം യോഗത്തിന് എത്തിയിരുന്നില്ല.
തെരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ച പാര്‍ട്ടി കമ്മിഷന്‍ വെച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ബി.ജെ.പിയുടെ കോര്‍കമ്മറ്റി യോഗം.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.
എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ടും രംഗത്തെത്തിയിരുന്നു. നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം