| Monday, 16th January 2023, 4:58 pm

തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ കത്തിക്കുമെന്ന് ഭീഷണി, അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ അഭിനന്ദനം; ബി.ജെ.പി നേതാവിന് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറിന് ലോകവേദികളില്‍ അവാര്‍ഡുകള്‍ ലഭിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് എസ്.എസ് രാജമൗലിയുടെ ചിത്രം നേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് ആര്‍.ആര്‍. ആറിന് ലഭിച്ചത്.

മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അവര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി വ്യക്തികളാണ് രംഗത്ത് വരുന്നത്. ഇതില്‍ ശ്രദ്ധേയമായ ഒരു അഭിനന്ദനമാണ് തെലങ്കാന ബിജെപി അധ്യക്ഷനും, കരിംനഗറില്‍ നിന്നുള്ള എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്റെ വാക്കുകള്‍.

ജനുവരി 11ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ചിത്രത്തെ അഭിനന്ദിച്ച് എത്തിയത്. ആര്‍.ആര്‍.ആര്‍ ടീം ഗോള്‍ഡന്‍ ഗ്ലോബ് വിജയം ആഘോഷിക്കുന്ന വീഡിയോ പങ്കിട്ട ഇദ്ദേഹം കീരവാണിക്കും, ആര്‍.ആര്‍.ആര്‍ ടീമിനും അഭിനന്ദനം അറിയിക്കുന്നു. ഒപ്പം ഈ ചരിത്രപരമായ ഈ നേട്ടം രാജ്യത്തിന്റെ അഭിമാനം ലോക വേദിയില്‍ ഉയര്‍ത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ബന്ദി സഞ്ജയ് കുമാറിന്റെ അഭിനന്ദനം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യ മീഡിയ. കാരണം ഇദ്ദേഹത്തിന്റെ മുന്‍ പ്രസ്താവനയാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്.

2020 നവംബറില്‍ നടത്തിയ ഒരു പ്രസ്താവനയില്‍ സഞ്ജയ് കുമാര്‍ ആര്‍.ആര്‍.ആര്‍ സംവിധായകന്‍ എസ്.എസ് രാജമൗലി ചിത്രത്തില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചുവെന്ന് പറഞ്ഞു. ആര്‍.ആര്‍.ആര്‍ സിനിമയിലെ കഥാപാത്രമായ കോമരം ഭീം മുസ്ലീം തൊപ്പിയിട്ട് വരുന്ന സീന്‍ ആണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്.

ഇത്തരത്തില്‍ ആണെങ്കില്‍ ആര്‍.ആര്‍.ആര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിടുമെന്നും ജൂനിയര്‍ എന്‍.ടി.ആറിന്റെ കഥാപാത്രമായ കൊമരം ഭീമിനെ പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ച് കാണിക്കുന്ന രംഗം നീക്കം ചെയ്യണമെന്നും ബന്ദി സഞ്ജയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോഴും ഈ രംഗം ഉണ്ടായിരുന്നു.

ഇതേ രംഗങ്ങള്‍ ഉള്ള ആര്‍.ആര്‍.ആര്‍ വന്‍ ബോക്‌സ് ഓഫീസ് വിജയവും നേടി. ഇപ്പോള്‍ ആഗോള അവാര്‍ഡുകളും നേടുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിനെതിരെ ഉയര്‍ത്തിയ അന്നത്തെ നിലപാട് മാറ്റി രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ്.

content highlight: bjp leader changed his stand against rrr movie

We use cookies to give you the best possible experience. Learn more