| Sunday, 29th May 2022, 9:02 pm

'രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യൂ' ; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.സി.പി എം.പി സുപ്രിയ സുലെയ്ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് ചോദിച്ച് ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍.

‘രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യുന്നതാണ് നല്ലത്’ എന്നായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍ നടത്തിയ പരാമര്‍ശം.

സുലെയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കമ്മീഷന്‍ പാട്ടീലിന് നോട്ടീസ് അയച്ചിരുന്നുവെന്നും പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചകാങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒ.ബി.സി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശിന്റെ സംവരണപോരാട്ടവുമായി സുലെ താരതമ്യപ്പെടുത്തിയിരുന്നു. ഒ.ബി.സി ക്വാട്ടയ്ക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന് എങ്ങനെയാണ് സുപ്രീംകോടതിയില്‍ നിന്നും പച്ച സിഗ്‌നല്‍ ലഭിച്ചതെന്ന് സുലെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാട്ടീലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.

ചന്ദ്രകാന്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സുപ്രിയയുടെ ഭര്‍ത്താവ് സദാനന്ദ് സുലെ ട്വിറ്ററിലൂടെ നടത്തിയത്. ബിജെപി ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും സാധിക്കുമ്പോഴെല്ലാം അവര്‍ സ്ത്രീകളെ അപമാനിക്കുമെന്നും വിഡിയോ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കുടുംബിനിയെന്ന നിലയിലും എന്റെ മക്കളുടെ അമ്മയെന്ന നിലയിലും വിജയകരമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീയെന്ന നിലയിലും ഭാര്യയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. രാജ്യത്തെ കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളില്‍ ഒരാളാണ് സുപ്രിയ എന്നതിലും എനിക്ക് അഭിമാനമുണ്ട്. ബിജെപി നേതാവിന്റെ പ്രസ്താവന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാ’ണെന്നും സദാനന്ദ് കുറിച്ചു.

മഹാരാഷ്ട്രയിലെ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതി മരവിപ്പിച്ച ഒ.ബി.സി ക്വാട്ട കിട്ടുന്നതിനായി വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു.

Content Highlights: BJP leader Chandrakant Patil has apologized for his controversial remarks against NCP MP Supriya Sule

We use cookies to give you the best possible experience. Learn more