രാംദാസ് കള്ളനും അതിലുപരി രാജ്യദ്രോഹിയും വിശ്വാസവഞ്ചകനുമാണെന്നാണ് തരുണ്‍ വിജയ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.
ന്യൂദല്‍ഹി: ഇന്ത്യയില്‍ ദളിതരും മുസ്‌ലീങ്ങളും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തെഴുതിയ മുന്‍ നാവികസേനാ മേധാവിയായ എല്‍. രാംദാസിനെതിരെ രൂക്ഷവിമര്‍ശനുമായി ബി.ജെ.പി നേതാവും ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്ററുമായ തരുണ്‍ വിജയ് രംഗത്ത്.
രാംദാസ് കള്ളനും അതിലുപരി രാജ്യദ്രോഹിയും വിശ്വാസവഞ്ചകനുമാണെന്നാണ് തരുണ്‍ വിജയ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്. ഇന്ത്യന്‍ സൈന്യത്തിനും അദ്ദേഹത്തിന്റെ മാതൃരാജ്യമായ ഇന്ത്യയ്ക്കും അദ്ദേഹം അപമാനമാണെന്നും തോന്നുന്ന കാര്യം വിളിച്ച് പറയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പച്ചക്കള്ളമാണ് എന്നുമായിരുന്നു തരുണ്‍ വിജയ് പറഞ്ഞത്.
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളുടെ ഒരു നിരതന്നെ കാണുമ്പോള്‍ എണ്‍പതുവയസിന്റെ അനുഭവസമ്പത്തുള്ള താന്‍ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച കത്തില്‍ രാംദാസ് പറഞ്ഞിരുന്നത്.
ഈ മണ്ണിലെ ഓരോ പൗരന്മാരുടെയും അവകാശങ്ങളെ ബഹുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ബാദ്ധ്യസ്ഥമാണെന്നും എന്നാല്‍ മോദി ഭരണത്തിന് കീഴില്‍ അത് സാധ്യമാകുന്നില്ലെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനുള്ള ഭൂരിപക്ഷ അജണ്ട നടപ്പിലാക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ സ്വയം സേവക് സംഘവും മറ്റ് ഹിന്ദുത്വശക്തികളുമാണിതിന് പിന്നിലെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പക്ഷപാതിത്വം പ്രകടമാക്കുകയാണെന്നും രാജ്യഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്ന് അപലപിക്കുന്നില്ല എന്നതാണ് ഇതിനേക്കാളേറെ ഞെട്ടലുണ്ടാക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2015 ല്‍ മോദി ഭരണത്തെ വിമര്‍ശിച്ചുകൊണ്ടെഴുതിയ എഴുതിയ ഈ കത്തിനെതിരെയായിരുന്നു ബി.ജെ.പി നേതാവായ തരുണ്‍ വിജയ് രംഗത്തെത്തിയിരുന്നത്.
എന്നാല്‍ മുന്‍ സൈനിക മേധാവിക്കെതിരെ ട്വിറ്ററിലൂടെയുള്ള തരുണ്‍ വിജയയുടെ “കള്ളന്‍ “പരാമര്‍ശം വലിയ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ആ ട്വീറ്റ് പിന്‍വലിക്കുകയും തന്റെ വാക്കുകള്‍ക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.
താന്‍ ഒരിക്കലും ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നെന്നും രാംദാസിന്റെ പല വാദങ്ങളും തെറ്റായിരുന്നെന്ന് പറയാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും തരുണ്‍ വിജയ് പിന്നീട് ട്വീറ്റില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ യൂണിഫോമിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് വിയോജിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്.
അഡ്മിറല്‍ രാംദാസ് നമ്മുടെ മുന്‍ നേവി ചീഫാണ്. അദ്ദേഹത്തെ കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കേണ്ടി വന്നതില്‍ മാപ്പ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ പ്രായത്തേയും സ്ഥാനത്തേയും താന്‍ ബഹുമാനിക്കുന്നെന്നും തരുണ്‍ വിജയ് ട്വീറ്റില്‍ വ്യക്തമാക്കി.