ന്യൂദല്‍ഹി: ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ, ജാവേദ് അക്തര്‍ തുടങ്ങിയവര്‍ ‘ടുക്ഡെ-ടുക്ഡെ’ ഗ്യാങ്ങിലെ സ്ലീപ്പര്‍ സെല്ലുകളാണെന്ന വാദവുമായി ബി.ജെ.പി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം വലിയ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് വന്നിരുന്നു. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇത് സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഷബാന അസ്മി വിധിക്കെതിരെ പൊട്ടിതെറിച്ചതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ സ്ലീപ്പര്‍ സെല്‍ പരാമര്‍ശം.
‘രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് നിശബ്ദത പാലിക്കുകയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങളില്‍ മാത്രം കോലാഹലം സൃഷ്ടിക്കുകയും ചെയ്യുന്ന ‘ടുക്ഡെ-ടുക്ഡെ’ സംഘത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണ് ഷബാന ആസ്മി, നസീറുദ്ദീന്‍ ഷാ എന്നിവരെപ്പോലുള്ളവര്‍. ഇപ്പോള്‍ ഈ ആളുകളെ തുറന്നുകാട്ടി, ”അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജസ്ഥാനില്‍ കനയ്യ ലാല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചോ ജാര്‍ഖണ്ഡില്‍ ജീവനോടെ കത്തിച്ച സ്ത്രീയെക്കുറിച്ചോ ഷബാന ആസ്മി ഒന്നും പറഞ്ഞിട്ടില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ഇനി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് രാജ്യത്ത് ജീവിക്കാന്‍ പേടിയാണെന്ന് നസിറുദ്ദീന്‍ ഷാ പറയുമെന്നും ‘അവാര്‍ഡ് വാപ്പസി’ സംഘം ബഹളം വെക്കുമെന്നും മിശ്ര പറഞ്ഞു.
Content Highlight: BJP leader calls shabana azmi, javed akhtar and nawazuddin shah as sleeper cells