പോക്സോ കേസിൽ പ്രതിയായ യെദ്യൂരപ്പ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണം: സിദ്ധരാമയ്യ
NATIONALNEWS
പോക്സോ കേസിൽ പ്രതിയായ യെദ്യൂരപ്പ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണം: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 3:42 pm

ബെംഗളൂരു: പോക്സോ കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യെദ്യൂരപ്പ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘യെദ്യൂരപ്പക്കെതിരെ പോക്‌സോ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുമുണ്ട്. കോടതിയുടെ കാരുണ്യത്താൽ ജയിലിൽ പോയിട്ടില്ല എന്നെ ഉള്ളു,’ അദ്ദേഹം പറഞ്ഞു.

 

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ സൈറ്റുകളുടെ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിമർശിക്കവെ സിദ്ധരാമയ്യയുടെ രാജി യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സംസാരിക്കവെ തന്നോട് രാജി ആവശ്യപ്പെടാൻ യെദ്യൂരപ്പക്ക് അർഹതയില്ലെന്ന് സിദ്ധരാമയ്യ പറയുകയായിരുന്നു.

യെദ്യൂരപ്പക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു. ഈ പ്രായത്തിൽ പോക്‌സോ കേസിൽ ഉൾപ്പെട്ടതിന് ശേഷം എൻ്റെ രാജി ആവശ്യപ്പെടാൻ അദ്ദേഹത്തിന് എന്ത് അവകാശമുണ്ടെന്ന് സിദ്ധരാമയ്യ ചോദിച്ചു.

മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ സൈറ്റുകളുടെ വിതരണത്തിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടാൻ ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നോടിയായി സിദ്ധരാമയ്യയുടെ രാജി യെദ്യൂരപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിന് പകരമായി മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി 2021-ൽ അവർക്ക് 14 ഹൗസിങ് സൈറ്റുകൾ അനുവദിച്ചതാണ് ആരോപണവിധേയമായ അഴിമതി.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെൺകുട്ടിയെ 81കാരനായ യെദ്യുരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.

പെൺകുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു.

അർബുദബാധയിൽ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരി മരിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നായിരുന്നു യെദ്യുരപ്പ പറഞ്ഞത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹരജിയും നൽകിയിരുന്നു.

 

Content Highlight: BJP leader BS Yediyurappa should quit public life for being accused in POCSO case, says Karnataka CM