പോത്തിനെ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം: യു.പിയില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്
Daily News
പോത്തിനെ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം: യു.പിയില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2017, 1:25 pm

ramveer


പ്രേമാവതി എന്ന ദളിത് യുവതിക്ക് പോത്തിനു വിതരണം ചെയ്തശേഷം അവരോട് തന്റെ പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് രാംവീര്‍ സിങ് ആവശ്യപ്പെട്ടതായി മുന്ദപാണ്ഡെ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച.ഒ ജസ്പാല്‍ സിങ് പറയുന്നു.


ലക്‌നൗ: പോത്തിനെ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. കുഡ്കരി മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന രാംവീര്‍ സിങ്ങാണ് അറസ്റ്റിലായത്.

ഇതേ മണ്ഡലത്തിലെ എസ്.പി സ്ഥാനാര്‍ത്ഥി ഹാസി റിസ്‌വാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സമാജ്‌വാദി പാര്‍ട്ടി പരാതി നല്‍കിയത്.

രാംവീര്‍ വോട്ടര്‍മാര്‍ക്ക് പോത്ത്, കാളവണ്ടി എന്നിവ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിങ് വോട്ടര്‍മാര്‍ക്ക് പുതപ്പുപോലുള്ള വസ്തുക്കളും വിതരണം ചെയ്തതായി ഹാസി റിസ്വാന്‍ പരാതി പറയുന്നു.

തെരുഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് രാംവീര്‍ സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അനുവാദമില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിനും വോട്ടര്‍മാരെ സ്വാധീനിച്ചതിനും രാംവീറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുന്ദപാണ്ഡെ എസ്.ഐ രത്‌നേഷ് കുമാര്‍ അറിയിച്ചു.

പ്രദേശവാസികള്‍ക്ക് പോത്തിനെ വിതരണം ചെയ്‌തെന്ന ആരോപണം  രാംവീര്‍ സിങ്ങും ശരിവെച്ചിട്ടുണ്ട്. എന്നാല്‍ വ്യവസായിയായ തന്റെ സുഹൃത്ത് നല്‍കിയ തുകയാണ് ഇതിനുവേണ്ടി ചിലവാക്കിയതെന്നും ഇതൊരു സാമൂഹ്യ പ്രവര്‍ത്തനമായാണ് കണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

എന്നാല്‍ പ്രേമാവതി എന്ന ദളിത് യുവതിക്ക് പോത്തിനു വിതരണം ചെയ്തശേഷം അവരോട് തന്റെ പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് രാംവീര്‍ സിങ് ആവശ്യപ്പെട്ടതായി മുന്ദപാണ്ഡെ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച.ഒ ജസ്പാല്‍ സിങ് പറയുന്നു.