മോദി മാന്ത്രികന്‍; വാര്‍ഡ് മെമ്പറാവാന്‍ കഴിവില്ലാത്തവര്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ എം.പിയാവും; ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ
D' Election 2019
മോദി മാന്ത്രികന്‍; വാര്‍ഡ് മെമ്പറാവാന്‍ കഴിവില്ലാത്തവര്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ എം.പിയാവും; ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 5:29 pm

ഭോപാല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ വാര്‍ഡ് മെമ്പര്‍ ആവാന്‍ പോലും കഴിവില്ലാത്തവര്‍ എം.പിമാരാവുമെന്നും, ഇത് മോദിയുടെ കഴിവാണെന്നും മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. കല്ലിനെ സ്വര്‍ണ്ണമാക്കുന്ന മാന്ത്രികനെന്നാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗോപാല്‍ വിശേഷിപ്പിക്കുന്നത്.

‘മോദി ഒരു മാന്ത്രികനാണ്. അദ്ദേഹം ഒരു കല്ല് സ്പര്‍ശിച്ചാല്‍ അത് സ്വര്‍ണ്ണമായിത്തീരും. സര്‍പഞ്ചോ, വാര്‍ഡ് മെമ്പറോ ആവാന്‍ കഴിവില്ലാത്തവര്‍ മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എം.പിമാരാവും’ ഗോപാല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ ദിവസം പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികളെക്കുറിച്ച് ഗോപാല്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.

മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് ഗോപാല്‍ ഇന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നത്.

കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് താഴെയിറക്കിയത്.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 113 സീറ്റാണ്. ബി.എസ്.പിയുടെ രണ്ടും എസ്.പിയും ഒന്നും നാല് സ്വതന്ത്രരും ഉള്‍പ്പെടെ 120 അംഗങ്ങളുടെ പിന്തുണ കമല്‍ നാഥ് സര്‍ക്കാരിനുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. അതേസമയം പ്രതിപക്ഷകക്ഷിയായ ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്. ഏഴംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം.

നേരത്തെ ഗോപാലിന്റെ മകന്‍ അഭിഷേക് തെരഞ്ഞടെുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, പിന്നീട് കുടുംബ രാഷ്ട്രീയത്തിന് താന്‍ വളം വെച്ചു കൊടുക്കില്ലെന്ന് കാണിച്ച് അഭിഷേക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയിരുന്നു.