ലക്‌നൗ: മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടിനെതിരെ യു.പിയിലെ ബി.ജെ.പിയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവും അകാലിയിലെ മുന്‍ എം.എല്‍.എയുമായ ചൗധരി മോഹന്‍ ലാല്‍ ബാംഗ്ക ബി.ജെ.പിവിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു.
ബി.ജെ.പി നേതാവ് സ്വര്‍ണ റാമിന്റെ മൂത്തമകനാണ് ചൗധരി മോഹന്‍ ലാല്‍ ബാംഗ. വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബി.ജെ.പി വിടുന്ന കാര്യം അറിയിച്ചത്.
അദ്ദേഹത്തിനു പുറമേ ബ്ലോക്ക് സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, ബ്ലോക്ക് സമിതി അംഗം ജശ്വീന്ദര്‍ കൗര്‍, മുന്‍ സര്‍പഞ്ച് സുരീന്ദര്‍ സിങ് എന്നിവരും ബി.എസ്.പിയില്‍ ചേര്‍ന്നു.
നരേന്ദ്രമോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നടപടികളിലും പാവപ്പെട്ടവര്‍ക്കെതിരായ നടപടികളിലും ഏറെ അതൃപ്തിയുണ്ടെന്നും അതാണ് രാജിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറിനുവേണ്ടി എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതാണ് ദളിത് വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയില്‍ നിന്നും യു.പി സര്‍ക്കാറില്‍ നിന്നും ദളിതനായതിന്റെ പേരില്‍ വിവേചനം നേരിടുന്നു എന്നാരോപിച്ച് യു.പിയിലെ ദളിത് എം.പി കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനായി ചെല്ലുമ്പോള്‍ അദ്ദേഹം ആട്ടിയിറക്കുന്നു എന്നു പറഞ്ഞ് എം.പിയായ ഛോട്ടേ ലാല്‍ ഖര്‍വാറാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അടുത്തിടെ രാജസ്ഥാനില്‍ മുന്‍ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവിന്റെ വീടുകള്‍ക്കുനേരെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.