| Sunday, 18th June 2023, 6:48 pm

ഗുസ്തി സമരക്കാര്‍ കോണ്‍ഗ്രസിന്റെ കളിപ്പാവകളെന്ന് ബബിത ഫോഗട്ട്; സാക്ഷി മാലികിനെതിരെ ബി.ജെ.പി നേതാവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണക്കേസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങള്‍ക്കിടയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ഗുസ്തി താരങ്ങള്‍ കോണ്‍ഗ്രസിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായെന്നും ബി.ജെ.പി നേതാവും പ്രശസ്ത ഗുസ്തി താരവുമായ ബബിത ഫോഗട്ട്.

സമരക്കാരായ ഗുസ്തി താരങ്ങള്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബബിത പറഞ്ഞു. ‘നിങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായ ധാരണയുണ്ട്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിനത്തിലെ നിങ്ങളുടെ പ്രതിഷേധവും മെഡലുകള്‍ ഗംഗയില്‍ മുക്കുമെന്ന ഭീഷണിയും രാജ്യത്തിന് നാണക്കേടുണ്ടാക്കി.

തുടക്കം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് ഞാന്‍ അനുകൂലമായിരുന്നില്ല. എല്ലാ ഗുസ്തിക്കാരോടും പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കണ്ട് പരിഹാരം തേടണമെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ അവര്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ദീപേന്ദര്‍ ഹൂഡ എന്നിവരോട് സഹായം അഭ്യര്‍ത്ഥിച്ചു. ഗുസ്തി താരങ്ങള്‍ കോണ്‍ഗ്രസിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലായി,’ ബബിത ഫോഗട്ട് വിമര്‍ശിച്ചു.

സാക്ഷിയുടെയും അവളുടെ ഭര്‍ത്താവിന്റെയും ആരോപണ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ഒരേസമയം സങ്കടവും ചിരിയും വന്നെന്നും ബബിത ഫോഗട്ട് പറഞ്ഞു. ‘സാക്ഷി കാണിക്കുന്ന പെര്‍മിഷന്‍ പേപ്പറില്‍ എന്റെ ഒപ്പോ പേരോ ഒരിടത്തും ഇല്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സമ്മതിച്ചതിന്റെ തെളിവുകളൊന്നുമില്ല.

ആദ്യ ദിനം മുതല്‍ ഞാന്‍ പറയുന്നത് ബഹുമാന്യനായ പ്രധാനമന്ത്രിയിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ടെന്ന്. സത്യം തീര്‍ച്ചയായും പുറത്തുവരും. ഒരു വനിതാ കായിക താരം എന്ന നിലയില്‍ ഞാന്‍ എപ്പോഴും രാജ്യത്തെ എല്ലാ കളിക്കാര്‍ക്കുമൊപ്പമാണ്. ഇനി എന്നും ഒപ്പമുണ്ടാകും,’ ബബിത പറഞ്ഞു.

തങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ബി.ജെ.പി നേതാക്കളായ ബബിത ഫോഗട്ടും തീരഥ് റാണയും ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന് ഗുസ്തി താരങ്ങളായ സാക്ഷി മാലികും ഭര്‍ത്താവും ഇന്നലെ ആരോപിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ജന്തര്‍ മന്ദറില്‍ സമരം ചെയ്യാന്‍ നിര്‍ദേശിച്ചത് ബി.ജെ.പി നേതാക്കളായ ബബിത ഫോഗട്ടും തീരഥ് റാണയുമാണെന്നാണ് സാക്ഷി മാലിക് ട്വിറ്റര്‍ വീഡിയോയിലൂടെ പറഞ്ഞത്. ബി.ജെ.പി നേതാക്കളായ ഗുസ്തി താരങ്ങള്‍ ദല്‍ഹി പൊലീസിന്റെ അനുമതിക്കായി എഴുതിയ കത്തിലെ വിശദാംശങ്ങള്‍ സാക്ഷിയും ഭര്‍ത്താവ് സത്യവര്‍ധും ചേര്‍ന്ന് ഇന്നലെ പുറത്തുവിട്ടിരുന്നു.

ഗുസ്തി സമരക്കാര്‍ ബുദ്ധിമുട്ടിലായിരുന്നപ്പോള്‍ ബി.ജെ.പി പിന്തുണയുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാരിന്റെ പക്ഷം ചേര്‍ന്ന് അവരുടെ മടിയിലായിരുന്നുവെന്നും സാക്ഷി വിമര്‍ശിച്ചിരുന്നു. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഗുസ്തി സമരത്തെ അട്ടിമറിക്കാനും ബബിതയും തീരഥ് റാണയും ശ്രമിച്ചെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.

Content Highlights: bjp leader Babita phogat lashes out at protesting wrestlers

Latest Stories

We use cookies to give you the best possible experience. Learn more