| Sunday, 9th June 2024, 4:50 pm

ബി.ഡി.ജെ.എസ് കടലാസ് സംഘടനയായി മാറി: ബി. രാധാകൃഷ്ണ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ഡി.ജെ.എസ് കടലാസ് സംഘടനയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി. രാധാകൃഷ്ണ മേനോന്‍. കോട്ടയത്തും മാവേലിക്കരയിലും ബി.ഡി.ജെ.എസിന് കാര്യമായ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ മുഴുവന്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പായിരുന്നെന്നും ബി. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. വ്യക്തി പ്രഭാവം ഉണ്ടെങ്കിലും അതിലും അപ്പുറത്ത് ബി.ജെ.പിക്ക് കിട്ടിയ വോട്ടുകളാണ് തൃശൂരിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോട്ടയത്തും മാവേലിക്കരയിലെ ബി.ഡി.ജെ.എസിന് ലഭിച്ചത് ബി.ജെ.പിയുടെ വോട്ടുകളാണ്. പ്രാഥമികമായി നിരീക്ഷിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകള്‍ ബി.ഡി.ജെ.എസിന് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ്. ബി.ഡി.ജെ.എസിന് സ്വാധീനം ഉണ്ടെന്നത് വാസ്തവമാണ്.

എന്നാല്‍ ഈ സ്വാധീനം പോരാ. കാരണം ഇപ്പോഴത്തെ ഒരു സാചര്യത്തില്‍ വലിയ തരത്തിലുള്ള ഒരു സ്വാധീനം ആവശ്യമാണ്. പലയിടത്തും ബി.ഡി.ജെ.എസ് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്. അത് തീര്‍ച്ചയായും തിരുത്തേണ്ട സംഗതിയാണ്,’ ബി. രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

കടലാസില്‍ ഒതുങ്ങാതെ സമൂഹത്തിലേക്കിറങ്ങി ചെന്നുള്ള പ്രവര്‍ത്തനം കാഴ്ച വച്ചാല്‍ അത്, തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, ഇടുക്കി, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിച്ചപ്പോള്‍ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും മാവേലിക്കരയില്‍ ബൈജു
കലാശാലയും സ്ഥാനാര്‍ത്ഥിയായി. നാലിടത്തും വലിയ പരാജയം തന്നെയായിരുന്നു ബി.ഡി.ജെ.എസ് നേരിട്ടത്.

Content Highlight: BJP leader B Radhakrishna Menon said BDJS has become a paper organization

We use cookies to give you the best possible experience. Learn more