|

'കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്'; ബി.ജെ.പി കേരള സര്‍ക്കാരിനൊപ്പമെന്നും ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കേരള കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദ കേടാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതിയലക്ഷ്യമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. എന്നാല്‍ രോഗബാധ ഇല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്,’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരള ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെയും കേരള സര്‍ക്കാരിന്റെയും കൂടെയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടിയന്തരമായി അതിര്‍ത്തി തുറക്കണമെന്നും പിന്നീടാകാം ബാക്കി കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശത്തു നിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

കാസര്‍ഗോഡ് നിന്നുള്ള കൊവിഡ് ഇല്ലാത്ത രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാമെന്ന് അറിയിച്ചെങ്കിലും കര്‍ണാടക ഇന്നും വാക്ക് പാലിച്ചിട്ടില്ല.

അതേസമയം കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്നത്തിന് പരിഹാരമായതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രശ്നം നിലനില്‍ക്കുന്നില്ലെന്നാണ്
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്.

കര്‍ണാടക അതിര്‍ത്തി അടച്ച വിഷയത്തില്‍ ധാരണയായെന്നും രോഗികളുമായി പോകുന്ന വാഹനങ്ങള്‍ തലപ്പാടി വഴി വിടാന്‍ കരാറാക്കിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ തലപ്പാടിയില്‍ ചൊവ്വാഴ്ചയും തടഞ്ഞിട്ടുണ്ട്. തലപ്പാടി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ കര്‍ണാടകയിലെ മെഡിക്കല്‍ സംഘം പരിശോധിച്ച് കടത്തിവിടുമെന്നായിരുന്നു കര്‍ണാടക കേരളത്തെ ഇന്നലെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ന് ഈ സമയം വരെ മെഡിക്കല്‍ സംഘം തലപ്പാടിയില്‍ എത്തിയിട്ടില്ല. രോഗികള്‍ എത്തിയാല്‍ തടയുമെന്ന് പൊലീസ് ഇന്ന് രാവിലെയും മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ