നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. സംസ്ഥാന നേതാവ് ബി. ഗോപാല കൃഷ്ണനേയും ഒമ്പതു ബി.ജെ.പി നേതാക്കളേയും പൊലീസ് അറസ്റ്റു ചെയ്തു. പിണറായി സര്‍ക്കാരിനെ തകര്‍ക്കാന്‍ 144 ലംഘിക്കാന്‍ പോകുകയാണെന്ന് ബി. ഗോപാല കൃഷ്ണന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയപ്പോഴാണ് ഗോപാലകൃഷ്ണനേയും ഒമ്പതു നേതാക്കളെയും അറസ്റ്റു ചെയ്തത്. നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വഴി തടയല്‍ പ്രക്ഷോഭം നടത്തിയിരുന്നു. പ്രളയ ബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയായ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളജിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.
ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയ്ക്ക് പുറത്ത് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിച്ചത്. ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോള്‍ കോളേജിന്റെ മതില്‍കെട്ടിന് പുറത്ത് ഒരു കൂട്ടം ബി.ജെ.പിക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു.
ശരണം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ശരണം വിളി താന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ വഴി തടയല്‍ സമരം. നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബി.ജെ.പി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.
കൂടാതെ, സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.