| Saturday, 6th April 2019, 11:26 pm

കളക്ടര്‍ക്ക് വിവരക്കേട്, എന്ത് നടപടി വേണമെങ്കിലും എടുക്കട്ടെ, ശബരിമല വിഷയത്തില്‍ വോട്ടു ചോദിക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബി.ജെ.പി വോട്ട് ചോദിക്കുന്നത് തുടരുമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. സുരേഷ് ഗോപിയോട് വിശദീകരണം തേടിയ തൃശൂര്‍ കലക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മീഡിയവണ്‍ ചാനലിലാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം.

ഗോപാലകൃഷ്ണന്റെ വാക്കുകള്‍

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ എന്താണ് തെറ്റ് ? ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നിങ്ങള്‍ക്ക് നോമിനേഷന്‍ നല്‍കാം. അതേ സമയത്ത് ദൈവത്തിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ലെന്ന് പറയുന്നത് ഏത് നിയമമാണ് സര്‍. മതപരമായ സ്പര്‍ധയും കലാപവുമുണ്ടാക്കി കൊണ്ട് വോട്ടു ചോദിക്കുന്നതിനെയാണ് എതിര്‍ക്കേണ്ടത്.

രാമക്ഷേത്രം പണിയും എന്നുള്ളത് ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ എല്ലാ കാലത്തും ഉണ്ടായിരുന്നതാണ്. മതം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നാണെങ്കില്‍ മുസ്ലിം ലീഗിനെ നിരോധിക്കേണ്ടി വരും.

ശബരിമലയുടെ പേര് പറയാന്‍ പാടില്ലെന്ന് പറയുന്നതിലാണ് രാഷ്ട്രീയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്ന് മാത്രമല്ല. ശബരിമല വിഷയത്തില്‍ തന്നെ ഞങ്ങള്‍ വോട്ടു ചോദിക്കും. അതിന്റെ പേരില്‍ എന്ത് നടപടി വന്നാലും ഞങ്ങള്‍ നോക്കും. ഞങ്ങള്‍ക്കൊരു വിഷയമല്ല. ശബരിമലയുടെ വിഷയം പറഞ്ഞു കൊണ്ട് തന്നെ വോട്ട് ചോദിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. “എന്റെ അയ്യന്‍” എന്ന് പറയുന്നത് മഹാപാപം ആണെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കളക്ടറുടെ വിവരക്കേടാണ്. കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെ.

ശബരിമല ഈ സര്‍ക്കാരിന്റെ വീഴ്ചയാണ്. ഈ സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളും ഞങ്ങള്‍ തുറന്നു കാണിക്കും. അതിനെ ശബരിമല എന്ന് പറയാതെ പിന്നെ എന്ത് മല എന്ന് പറയണം. ഞങ്ങളത് പറഞ്ഞിരിക്കും.

തൃശ്ശൂരിലെ എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more