തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിമത സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍. കൊടുങ്ങാനൂര്‍ സ്വദേശിയായ അഡ്വ. രഞ്ജിത് സി. നായരാണ് അറസ്റ്റിലായത്. വിമത സ്ഥാനാര്‍ത്ഥിയുടെ മൈക്ക് പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് വട്ടിയൂര്‍ക്കാവ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് രഞ്ജിത്തിനെപൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം സിന്ധുവിനെതിരെ രഞ്ജിത്തും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീടിന് മുന്നില്‍ പ്രചാരണ വാഹനം പാര്‍ക്ക് ചെയ്ത് മൈക്കിലൂടെ അധിക്ഷേപിച്ചെന്നും ഇത് മാനഹാനിയുണ്ടാക്കിയെന്നുമാണ് രഞ്ജിത്തിന്റെ പരാതി.
സിന്ധുവിന്റെ ഭര്‍ത്താവ് സതികുമാര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചെന്നും ഇയാള്‍ പറയുന്നു. സതികുമാറിന്റെ അധിക്ഷേപ പ്രസംഗം കുടുംബത്തിനും പ്രത്യേകിച്ച് മകള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്നും രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു.
അതേസമയം പ്രാദേശിക തലത്തില്‍ മാത്രമല്ല, സംസ്ഥാനത്ത് ബി.ജെ.പി ഉന്നത നേതൃത്വത്തിനെതിരെയും പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നതിന്റെ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാക്കളും പ്രാദേശിക നേതാക്കളും പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിരിക്കുന്നു.
മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രനും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക