|

പഞ്ചാബില്‍ ബി.ജെ.പി നേതാവ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഡ്: മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ച മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ സത്കര്‍ കൗര്‍ ഗെഹ്‌രി അറസ്റ്റില്‍. ഖാരാറിലെ സണ്ണി എന്‍ക്ലേവിന് സമീപം 100 ഗ്രാം ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ബി.ജെ.പി നേതാവും അനന്തരവനും അറസ്റ്റിലാവുന്നത്.

ഫിറോസ്പൂരിലെ ബെഹ്ബല്‍ ഖുര്‍ദ് സ്വദേശിയായ ജസ്‌കീരത് സിങ്ങാണ് എം.എല്‍.എയോടൊപ്പം അറസ്റ്റിലായ പ്രതിയെന്നാണ് ഇന്‍സ്പക്ടര്‍ ജനറല്‍ സുഖ് ചെയിന്‍ സിങ്ങ് പറഞ്ഞത്.

ഇയാളാണ് വാഹനമോടിച്ചിരുന്നതെന്നും ബി.ജെ.പി നേതാവ് ഇയാളുടെ കൂടെ വാഹനത്തിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.

അറസ്റ്റിന് പിന്നാലെ എം.എല്‍.എയുടെ വീട്ടില്‍ നിന്ന് 28 ഗ്രാം ഹെറോയിനും കൂടെ പൊലീസ് കണ്ടെടുത്തതായും ഇതോടെ 128 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൂടാതെ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്നും 1.56 ലക്ഷം രൂപയുടെ പണവും ഹരിയാന, ദല്‍ഹി രജിസ്‌ട്രേഷനിലുളള നിരവധി നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യുണ്ടായ് വെര്‍ണ, ഷെവര്‍ലെ തുടങ്ങിയ നാല് കാറുകളും നേതാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ബി.ജെ.പി നേതാവില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നുണ്ടെന്ന് പല സോഴ്‌സുകളില്‍ നിന്നും വിവരം ലഭിച്ചതായും അവയെല്ലാം വിശ്വാസ്യയോഗ്യമായ ഔട്ട്പുട്ടുകളാണെന്നും പൊലീസ് അറിയിച്ചു.

ചില കോള്‍ റെക്കോര്‍ഡിങ്ങുകളും മൊബൈല്‍ നമ്പറുകളും ഉള്‍പ്പെടെ കൃത്യമായ തെളിവുകള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുള്ളതായും മയക്കുമരുന്ന് കടത്തുന്നതില്‍ ഇവര്‍ മുമ്പും പങ്കാളിയായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

2017ല്‍ ഫിറോസ്പൂര്‍ റൂറലില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും 2022ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഇവര്‍ ചേരുകയുമായിരുന്നു.

എന്നാല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ ബി.ജെ.പിയില്‍ നിന്ന് സത്കര്‍ കൗറിനെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Content Highlight: BJP leader arrested in Punjab in drug case