| Wednesday, 2nd December 2020, 11:17 pm

കൊവിഡിനിടെ ആറായിരത്തോളം പേരെ ഉള്‍പ്പെടുത്തി ചെറുമകളുടെ വിവാഹ നിശ്ചയം; ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രോഗവ്യാപനം രൂക്ഷമായി തുടരുമ്പോഴും യാതൊരു സുരക്ഷാമാര്‍ഗ്ഗങ്ങളും പാലിക്കാതെ ആറായിരത്തോളം പേരെ ഉള്‍പ്പെടുത്തി ചെറുമകളുടെ വിവാഹ നിശ്ചയം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്.

ഈ വിവാഹ നിശ്ചയത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇക്കഴിഞ്ഞ നവംബര്‍ 30 ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലാണ് ഇദ്ദേഹം തന്റെ പേരക്കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിക്കിടെ നൂറുകണക്കിനാളുകള്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൃത്തം ചെയ്യുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഐ.പി.സി 308 പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. 2000 പേരെ വരെ വിളിച്ച് ചേര്‍ത്ത് ബി.ജെ.പി എം.എല്‍.എ നടത്തിയ പൊതുപരിപാടികളെയും കോടതി വിമര്‍ശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മുന്‍മുഖ്യമന്ത്രിയുടെ അറസ്റ്റ്.

അതേസമയം ഇതാദ്യമായാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഒരു രാഷ്ട്രീയ നേതാവിനെതിരെ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നത്. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് ദേശീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായും കൊവിഡ് മാനദണ്ഡങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ശരിയായ മാതൃക കാണിക്കേണ്ടവര്‍ തന്നെ ഇത്തരം ലംഘനങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP Leader Arrested For Violating Covid protocol

We use cookies to give you the best possible experience. Learn more