| Tuesday, 25th January 2022, 10:10 am

ബി.ജെ.പി നേതാവിന്റെ മോദി ഭക്തി; പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് കയറി മോദിയുടെ ഫോട്ടോ സ്ഥാപിച്ചയാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ച് കയറുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ സ്ഥാപിക്കുകയും ചെയ്ത ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.

ബി.ജെ.പിക്ക് കീഴിലുള്ള ട്രേഡ് യൂണിയന്‍ ഭാരതീയ മസ്ദൂര്‍ സംഘിന്‍റെ (ബി.എം.എസ്) കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി എം. ഭാസ്‌കരന്‍ ആണ് അറസ്റ്റിലായത്.

ശനിയാഴ്ചയായിരുന്നു സംഭവം. ഭാസ്‌കരന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോയമ്പത്തൂര്‍ പൂലുവംപട്ടി ടൗണ്‍ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.

പഞ്ചായത്ത് ഓഫീസില്‍ എത്തിയ സംഘം പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്നാവശ്യപ്പെടുകയായിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരണാനിധിയുടെ ഫോട്ടോ പഞ്ചായത്ത് ഓഫീസില്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മോദിയുടെ ഫോട്ടോയും തൂക്കണമെന്നായിരുന്നു സംഘം ആവശ്യപ്പെട്ടത്.

എന്നാല്‍ ജില്ലാ കളക്ടറില്‍ നിന്ന് അനുമതി ലഭിക്കാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പക്ഷേ ഇത് കണക്കിലെടുക്കാതെ സംഘം ഓഫീസ് കയ്യേറുകയും കരുണാനിധിയുടെ ഫോട്ടോക്കടുത്തായി മോദിയുടെ ഫോട്ടോ തൂക്കുകയുമായിരുന്നു.

എല്ലാ പഞ്ചായത്തുകളിലും പോസ്റ്റ് ഓഫീസുകളിലും കോപ്പറേറ്റീവ് സൊസൈറ്റികളിലും റേഷന്‍ കടകളിലും പ്രധാനമന്ത്രിയുടെ ഫോട്ടോ ബി.ജെ.പി സ്ഥാപിക്കുമെന്നും ഭാസ്‌കരന്‍ പറഞ്ഞിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭാസ്‌കരന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇത് വിവാദമായത്.

ഇതോടെ പഞ്ചായത്ത് സെക്രട്ടറി രംഗസാമി ഞായറാഴ്ച പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകളാണ് ഭാസ്‌കരനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഭാസ്‌കരന്‍.

അതിക്രമിച്ച് കടക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലന്തുറൈ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭാസ്‌കരനൊപ്പം ഉണ്ടായിരുന്ന 11 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Content Highlight: BJP leader arrested for trespassing and installing PM Modi’s photo in Panchayat office in Tamil Nadu

We use cookies to give you the best possible experience. Learn more