| Saturday, 17th June 2023, 12:19 pm

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; തമിഴ്‌നാട്ടില്‍ ബി.ജെ.പി സെക്രട്ടറി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. മധുരൈയിലെ ശുചീകരണ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ അറസ്റ്റ് ചെയതിരിക്കുന്നത്.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് സൂര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.പി.സി 153 അ, 504, 505(1), 505(1)(ഇ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിയിക്കുന്നത്.

സി.പി.ഐ.എം. എം.പി വെങ്കടേഷനെ അഭിസംബോധന ചെയ്ത് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ സി.പി.ഐ.എം കൗണ്‍സിലര്‍ മധുരയില്‍ നിന്നുള്ള ശുചീകരണ തൊഴിലാളിയെ മലം നിറഞ്ഞ അഴുക്കുചാലില്‍ ഇറങ്ങാന്‍ നിര്‍ബന്ധിച്ചതായി ആരോപിച്ചിരുന്നു. ഇതുമൂലം ഉണ്ടായ അലര്‍ജിയെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണമെന്നും സൂര്യ പറഞ്ഞിരുന്നു.

സി.പി.ഐ.എം കൗണ്‍സിലര്‍ വിശ്വനാഥന്റെ പേരെടുത്ത് വിമര്‍ശിച്ച് കൊണ്ടായിരുന്നു ട്വീറ്റ്. നിയമപരമായി നിരോധിച്ചിട്ടും ശുചീകരണത്തൊഴിലാളിയെ തോട്ടപ്പണി ചെയ്യാന്‍ നിര്‍ബന്ധിച്ചത് വിശ്വനാഥന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍, ഇത് വ്യാജ പ്രചരണമാണെന്ന് മധുരൈ പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് സൂര്യ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സെന്തിലിന്റെ അറസ്റ്റിന് പിന്നാലെ ബി.ജെപിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്ത് വന്നിരുന്നു. തങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങാനാവില്ലെന്നും ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വായടപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പി വിമര്‍ശനം ഉന്നയിച്ചു.

‘ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റ് അങ്ങേയറ്റം അപലപനീയമാണ്. ഡി.എം.കെയുമായി സഖ്യത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്,’ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും അറസ്റ്റിനെ അപലപിച്ചു.

Content Highlight: BJP leader arrested for spreading fake news

We use cookies to give you the best possible experience. Learn more