| Wednesday, 27th March 2024, 8:04 pm

രാജ്യദ്രോഹിയായവര്‍ക്ക് വേണ്ടി എ.കെ. ആന്റണി പ്രചരണത്തിനെത്തുമെന്ന് കരുതുന്നില്ല: അനില്‍ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബി.ജെ.പി നേതാവും പത്തനംതിട്ട സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് വേണ്ടി പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങാന്‍ എ.കെ. ആന്റണി വരുമെന്ന് കരുതുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

‘എന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ല,’ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ഒരു മിനിട്ടുകൊണ്ട് നരേന്ദ്ര മോദി ഉണ്ടാക്കിയ സ്വാധീനം പോലെ മറ്റാര്‍ക്കും സാധിക്കില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നും അനില്‍ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാകിസ്ഥാനില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. കോണ്‍ഗ്രസുകാര്‍ക്ക് ഇന്ത്യയില്‍ ഒരു ഭാവി കാണുന്നില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു. എ.കെ. ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചുവെന്നും രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിലെ സജീവ നേതാക്കള്‍ക്കാണ് താന്‍ ഈ ഉപദേശം നല്‍കുന്നതെന്നും അനില്‍ ആന്റണി പറയുകയുണ്ടായി.

അതേസമയം ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം ഇത് ആദ്യമായാണ് മകനെ കുറിച്ചുള്ള വിഷയത്തില്‍ എ.കെ. ആന്റണി പ്രതികരിക്കുന്നത്.

Content Highlight: BJP leader Anil Antony respond to A.K. Antony’s remarks

We use cookies to give you the best possible experience. Learn more