ജയ് ശ്രീറാം തീവ്രവാദത്തിനെതിരായ ആഗോള മുദ്രാവാക്യമാകുന്നുവെന്ന വീഡിയോ പങ്കുവെച്ച് ഫലസ്‌തീനെതിരെ ദിയ കൃഷ്ണ
Kerala News
ജയ് ശ്രീറാം തീവ്രവാദത്തിനെതിരായ ആഗോള മുദ്രാവാക്യമാകുന്നുവെന്ന വീഡിയോ പങ്കുവെച്ച് ഫലസ്‌തീനെതിരെ ദിയ കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2024, 2:08 pm

തിരുവനന്തപുരം: ഗസയിലെ അതിക്രമങ്ങളില്‍ ഇസ്രഈലിനെ പിന്തുണച്ച ബി.ജെ.പി നേതാവും കൊല്ലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാറിനും മകള്‍ ദിയ കൃഷ്ണക്കുമെതിരെ രൂക്ഷ വിമര്‍ശനം. ഇസ്രഈലിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ജയ് ശ്രീറാം എന്നത് ആഗോള തലത്തില്‍ തീവ്രവാദത്തെ ഇല്ലാതാക്കുന്ന മുദ്രാവാക്യമായി മാറിയെന്ന ടെക്സ്റ്റുകളോട് കൂടിയ വീഡിയോയാണ് ദിയ കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇസ്രഈലിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീനികള്‍ ഒരേസമയം ഇന്ത്യക്കെതിരെയും ആക്രോശിക്കുന്നു. എന്നാല്‍ ഫലസ്തീനെതിരായ ഇസ്രഈല്‍ അനുകൂലികളുടെ റാലികളില്‍ ജയ് ശ്രീറാമെന്ന് ഉച്ചത്തില്‍ ജപിക്കുകയാണെന്നും വീഡിയോ ടെസ്റ്റില്‍ പറയുന്നു. വീഡിയോയിലെ ഫലസ്തീന്‍ വിരുദ്ധ റാലികളില്‍ ഇന്ത്യന്‍ പതാകയേന്തിയ ഒരാളെ കാണാന്‍ കഴിയുന്നതുമാണ്.

ഇപ്പോള്‍ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഫലസ്തീനെ ഇസ്രഈലില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും അതാണ് മനുഷ്യത്വമെന്നും ആളുകള്‍ വീഡിയോ കമന്റിലൂടെ പ്രതികരിക്കുന്നു. ഇതിനുപിന്നാലെയാണ് ദിയ കൃഷ്ണ ഈ വീഡിയോ സ്റ്റോറിയായി ഷെയര്‍ ചെയ്തത്.

മകള്‍ അച്ഛന്റെ അതേ പാത പിന്തുടരുന്നുവെന്നും പശ്ചിമേഷ്യയില്‍ ഒരു സമൂഹത്തെ കൂട്ടക്കുരുതിക്ക് ഇരയാക്കുമ്പോള്‍ പ്രതികളെയാണ് ദിയ കൃഷ്ണ പിന്തുണക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

‘ഭാരതം ഇസ്രഈലിനോടൊപ്പം’ എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുകൊണ്ടാണ് കൃഷ്ണ കുമാർ ഇസ്രഈലിനോടുള്ള തന്റെ പിന്തുണ അറിയിക്കുന്നത്. ഇസ്രഈലിന് പിന്തുണ നല്‍കുന്ന കൃഷ്ണ കുമാറിന്റെ ഒരു പ്രസംഗവും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.


ബലാകോട്ടിലെ ഇന്ത്യന്‍ പ്രതിരോധത്തെ പാഠമാക്കി ഇസ്രഈല്‍ ഗസയെ ആക്രമിക്കാന്‍ തുടങ്ങിയെന്നും അപ്പോള്‍ പോലും ഇസ്രഈലി സൈന്യം മര്യാദ കാണിച്ചുവെന്നുമാണ് കൃഷ്ണ കുമാര്‍ പറയുന്നത്. തീവാദികളെ കൃത്യമായി ശിക്ഷിക്കണമെന്നും കൃഷ്ണ കുമാര്‍ പറയുന്നുണ്ട്.

ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ നയം പിന്തുടര്‍ന്ന് ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിക്കുകയാണ് കൃഷ്ണ കുമാറെന്നും വിമര്‍ശനമുയര്‍ന്നു.

Content Highlight: BJP leader and Kollam NDA candidate Krishna Kumar and his daughter Diya Krishna, who supported Israel in the atrocities in Gaza, have been severely criticized