കേരളത്തില്‍ സി.പി.ഐ.എമ്മിന് മുഖ്യമന്ത്രി മാത്രമേയുള്ളു; സര്‍ക്കാരിലെ മറ്റ് സ്ഥാനങ്ങളിലുള്ളവര്‍ ഏത് കുടുംബങ്ങളില്‍ നിന്നാണെന്ന് നോക്കൂ: ബിപ്ലബ് കുമാര്‍ ദേബ്
അഗര്‍ത്തല: കേരളത്തിലെ സര്‍ക്കാരില്‍ സി.പി.ഐ.എമ്മിന് മുഖ്യമന്ത്രി മാത്രമേ സ്വന്തമായുള്ളൂവെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി രാജ്യസഭാംഗവുമായ ബിപ്ലബ് കുമാര്‍ ദേബ്. എല്‍.ഡി.എഫിലെ മറ്റ് കക്ഷികള്‍ കാരണമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചതെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ബിപ്ലബ് കുമാറിന്റെ പരാമര്‍ശങ്ങള്‍. ഇന്ത്യയില്‍ ഒരിടത്തും ഇന്ന് സി.പി.ഐ.എം ഇല്ലെന്നും ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയിലും ഇടതുപക്ഷത്തിന്റെ അവസാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലെ സര്‍ക്കാരില്‍ മുഖ്യമന്ത്രി മാത്രമേ സി.പി.ഐ.എമ്മില്‍ നിന്നുള്ളു. ബാക്കി സ്ഥാനങ്ങളിലുള്ളവരാരാണെന്ന് നോക്കു. അവര്‍ ഏതൊക്കെ പാര്‍ട്ടികളില്‍ നിന്നും ഏതൊക്കെ കുടുംബങ്ങളില്‍ നിന്നും വരുന്നവരാണെന്ന് നോക്കൂ. സഖ്യകക്ഷി സര്‍ക്കാരല്ലേ അവിടെ ഭരിക്കുന്നത്.
തുടര്‍ഭരണം നേടിയെന്ന് എത്ര കൊട്ടിഘോഷിച്ചിട്ടും കാര്യമില്ല. പേരിന് മാത്രമാണ് അവിടെ സി.പി.ഐ.എമ്മിന്റെ സര്‍ക്കാരുള്ളത്. ശരിക്കും അവിടെ ആരാണ് ഭരിക്കുന്നതെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. ശരിക്കും നോക്കിയാല്‍ ഭാരതത്തിലെ ഒരു സംസ്ഥാനത്തും സി.പി.എമ്മില്ല. ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവസാനിക്കും,’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികളാണ്. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ത്രിപുരയിലെ ജനങ്ങള്‍ ആദ്യമായി വികസനം എന്താണെന്ന് കണ്ടുവെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
‘ആളുകള്‍ പാവപ്പെട്ടവരും പ്രശ്‌നങ്ങള്‍ നേരിടുന്നവരും ആയിരുന്നാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജീവിക്കാന്‍ കഴിയൂ. എന്നാലേ അവര്‍ക്ക് സമരങ്ങള്‍ നടത്താനാകൂ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമെന്ന് പറഞ്ഞാല്‍ ഓരോ ആവശ്യങ്ങള്‍ ഉന്നയിച്ചു വരുക എന്നത് മാത്രമാണ്. എന്നാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയമെന്നാല്‍ വികസനമാണ്,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. ത്രിപുരയില്‍ കോണ്‍ഗ്രസ് പോസ്റ്ററിലേ ഉള്ളു. കോണ്‍ഗ്രസിന് ത്രിപുരയില്‍ വോട്ടില്ല, അവര്‍ വെറുതെ പോസ്റ്റര്‍ പതിപ്പിച്ച് കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ളവര്‍ക്ക് ഏറെ പ്രായമെന്നും ചെറുപ്പക്കാരനായ തനിക്ക് ത്രിപുരക്ക് വേണ്ടി ഒരുപാട് നാള്‍ പ്രവര്‍ത്തിക്കാനാകുമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്.
Content Highlight: BJP leader and former Tripura CM Biplab Kumar Deb against LDF Govt in Kerala