| Sunday, 16th April 2023, 9:31 am

മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ല: ദു:ഖവെള്ളി ദിനത്തില്‍ നടന്നില്ല; വീണ്ടും മലയാറ്റൂര്‍ മല കയറാന്‍ എ.എന്‍. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: തിരുനാള്‍ ദിവസമായ ഞായറാഴ്ച ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മല കയറുന്നു. കഴിഞ്ഞ ദു:ഖവെള്ളി ദിവസം മല കയറാന്‍ എത്തിയെങ്കിലും എ.എന്‍ രാധാകൃഷ്ണന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വലിയ പ്രചരണങ്ങള്‍ കൊടുത്ത് കൊണ്ട് നടത്തിയ മല കയറ്റം പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയതിനെ തുടര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായിരുന്നു രാധാകൃഷ്ണന് നേരിടേണ്ടി വന്നത്.

അന്ന് രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകര്‍ മല കയറിയിരുന്നു. ഇവര്‍ അതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തോടെയാണ് വിമര്‍ശനം ശക്തമായത്. ഈ ഫോട്ടോകള്‍ക്ക് താഴെ അതിരൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും കമന്റുകളായി വന്നിരുന്നു. രാധാകൃഷ്ണന്‍ നടത്തുന്നത് പ്രഹസനമാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

ക്രൈസ്തവ വിശ്വാസികളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് എ.എന്‍. രാധാകൃഷണന്റെ മലകയറ്റം വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ സമൂഹത്തെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ പാര്‍ട്ടി നടത്തുന്നുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ പാര്‍ട്ടി നേതാക്കള്‍ പള്ളികളിലെത്തി സഭാ മേലധ്യക്ഷന്മാരെ കണ്ടിരുന്നു, ക്രിസ്ത്യന്‍ വീടുകളിലും പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ‘നന്ദി മോദി’ ക്യാമ്പയിനും സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിയുടെ ഈസ്റ്റര്‍ ആശംസ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

കഴിഞ്ഞ ക്രിസ്തുമസ് കാലത്തും നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ‘സ്നേഹ സംവാദമെന്ന’ പേരില്‍ ക്രിസ്ത്യന്‍ ഗൃഹ സന്ദര്‍ശന പരിപാടികള്‍ ബി.ജെ.പി നടപ്പിലാക്കിയിരുന്നു.

രാജ്യത്തുടനീളം ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സഭയ്ക്കകത്തും വിശ്വാസികള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പ്രീണന നടപടികളുമായി ബി.ജെ.പി രംഗത്തെത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

വിഷു ദിനത്തില്‍ ക്രൈസ്തവ പുരോഹിതരെയും വിശ്വാസികളെയും ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ചിരുന്നു. പല ക്രിസ്ത്യന്‍ പുരോഹിതന്മാരും ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അനുകൂലിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

Content Highlights: BJP Leader AN Radhakrishnan climbs the Malayatur mountain again

Latest Stories

We use cookies to give you the best possible experience. Learn more