ഇന്ധനവില എന്നെയും ബാധിക്കുന്ന പ്രശ്‌നമാണ്, പരിഹാരം കണ്ടെത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം
Kerala News
ഇന്ധനവില എന്നെയും ബാധിക്കുന്ന പ്രശ്‌നമാണ്, പരിഹാരം കണ്ടെത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 9:06 am

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് പ്രശ്‌നം തന്നെയാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കവേ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുകയാണല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം. ‘അത് ഞാന്‍ അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്‌നമാണ്. എനിക്കും പ്രശ്‌നമാണ്, എല്ലാവര്‍ക്കും പ്രശ്‌നമാണ്,’ കണ്ണന്താനം പറഞ്ഞു.

പാചകവാതക വില വര്‍ധനവിനെ കുറിച്ചും കണ്ണന്താനം പ്രതികരിച്ചു. പ്രചാരണത്തിന് വോട്ട് തേടി ചെല്ലുമ്പോള്‍ ആളുകള്‍ ഇതേ കുറിച്ചെല്ലാം ചോദിക്കില്ലേയെന്ന ചോദ്യത്തോടും കണ്ണന്താനം പ്രതികരിച്ചു.

‘ഇതൊന്നും പ്രശ്‌നമല്ലെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മള്‍ അധികാരത്തില്‍ വരണമെന്ന് പറയുന്നത്. കോണ്‍ഗ്രസും മറ്റുള്ളവരുമെല്ലാം കൂടെ ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കി. കുറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അതു നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ച് വര്‍ഷം കൊണ്ടോ തീര്‍ക്കാവുന്ന പ്രശ്‌നങ്ങളല്ല.

കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ പരിഹാരം കണ്ടു. ബിസിനസും തുടങ്ങാനും ജോലികള്‍ക്കുമുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത ഘട്ടത്തിലേക്ക് നമ്മള്‍ പോകണം. എല്ലാം നമ്മള്‍ ചെയ്തുതീര്‍ത്തിട്ടില്ല. പെട്രോള്‍ വില വര്‍ധനവ് അത്തരത്തിലൊരു പ്രശ്‌നമാണ്. അതിനും പരിഹാരം കാണണം,’ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

2021ല്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചത് കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്ക കാരണമായിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും പെട്രോള്‍ വില 90 കടന്നിരുന്നു. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BJP leader Alphons Kannanthanam about fuel price hike