ലഖ്‌നൗ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മത്സരമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് അലോക് വട്‌സ്. യോഗിയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ അതേറ്റുപാടുകയുമായിരുന്നു എന്നാണ് വട്‌സ് പറയുന്നത്.
എന്‍.ഡി.ടി.വിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു വട്‌സിന്റെ പ്രതികരണം.
യോഗി ആദിത്യനാഥ് പരാമര്‍ശിച്ച 20 ശതമാനം ജനങ്ങള്‍ മുസ്‌ലിങ്ങളല്ലെന്നും, അങ്ങനെ വരുത്തിത്തീര്‍ക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നതെന്നുമാണ് വട്‌സ് പറഞ്ഞത്.
‘യോഗി ജി പറഞ്ഞത് മുസ്‌ലിങ്ങളെ കുറിച്ചല്ല, എന്തിനാണ് ഇങ്ങനെ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നത്. യോഗി പറഞ്ഞ 20 ശതമാനം ജനങ്ങളില്‍ 9 ശതമാനം ആളുകള്‍ ക്രിമിനലുകളും സാമൂഹ്യവിരുദ്ധരുമാണ്. 3.5 ശതമാനം ആളുകള്‍ ഭൂമി തട്ടിപ്പുകാരാണ്. 2 ശതമാനം ആളുകള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരും 2 ശതമാനം ആളുകള്‍ പാകിസ്ഥാനെ പിന്തുണക്കുന്നവരുമാണ്. കൂടാതെ ബാക്കിയുള്ള 1.5 ശതമാനം ആളുകള്‍ വന്ദേ മാതരത്തിന് എതിര്‍ക്കുന്നവരാണ്. ഇവരെയാണ് യോഗി ഉദ്ദേശിച്ചത്. അല്ലാതെ മുസ്‌ലിങ്ങളെയല്ല,’ എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.
ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ഡാറ്റകള്‍ എവിടെ നിന്നുമാണ്, എന്ത് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കിട്ടിയത് എന്ന് അവതാരകന്റെ ചോദ്യത്തിന് തനിക്ക് സാമൂഹ്യപാഠത്തില്‍ നിന്നും ഫീല്‍ഡ് എക്‌സ്പീരിയന്‍സില്‍ നിന്നും കിട്ടിയതാണെന്നായിരുന്നു മറുപടി. ബി.ജെ.പി നേതാവിന്റെ മറുപടി കേട്ട് അവതാരകനും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരും ചിരി നിര്‍ത്താന്‍ പാടുപെടുകയായിരുന്നു.
പാകിസ്ഥാനെ പിന്തുണക്കുന്ന 2 ശതമാനം ആളുകളെ എന്ത് ഫീല്‍ഡ് എക്‌സ്പീരിയന്‍സിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത് എന്ന അവതാരകന്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാതെ ഉരുണ്ടുകളിക്കുകയും ബഹളം വെക്കുകയുമായിരുന്നു വട്‌സ് ചെയ്തത്.
എന്നാല്‍, യോഗിയുടെയും വട്‌സിന്റെയും പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വക്താവ് വിമര്‍ശിച്ചത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ദേശീയ മാധ്യമത്തില്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് ലജ്ജാവഹമാണെന്നായിരുന്നു അവരുടെ പ്രതികരണം.
കഴിഞ്ഞ ദിവസമായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വര്‍ഗീയപരാമര്‍ശം നടത്തിയത്.
തെരഞ്ഞെടുപ്പ് 80ഉം 20ഉം തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. സംസ്ഥാനത്തെ ഹിന്ദു-മുസ്‌ലിം മതവിഭാഗത്തില്‍ പെട്ട ജനങ്ങള്‍ തമ്മിലുള്ള അനുപാതമാണ് 80,20 എന്നിവ കൊണ്ട് യോഗി ഉദ്ദേശിച്ചത്.
യു.പിയില്‍ 80 ശതമാനത്തോളം (79.73) ഹിന്ദുക്കളും 20 ശതമാനത്തിനടുത്ത് (19.26) മുസ്‌ലിം മതവിശ്വാസികളുമാണുള്ളത്.
ഈ കണക്കിനെ എടുത്തുപറഞ്ഞ്, തെരഞ്ഞെടുപ്പിനെ ബി.ജെ.പി വര്‍ഗീയത ഉപയോഗിച്ച് നേരിടുമെന്ന കൃത്യമായ സൂചനയാണ് യോഗിയുടെ ഏറ്റവും ഒടുവിലത്തെ കമന്റ് പറയുന്നത്.
”മത്സരം ഇപ്പോള്‍ 80ഉം 20ഉം തമ്മിലാണ്. വികസനത്തിനും ദേശീയതക്കും നല്ല ഭരണത്തിനുമൊപ്പം നില്‍ക്കുന്നവരാണ് ഇതിലെ 80. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും.
വികസന വിരുദ്ധരും കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരും, ഗുണ്ടകളെയും മാഫിയകളെയും പിന്തുണക്കുന്നവരുമാണ് 20. അവര്‍ വേറെ സംഘങ്ങള്‍ക്കൊപ്പം മറ്റ് വഴികളിലാണ്.
അതുകൊണ്ട് ഈ 80-20 ഫൈറ്റില്‍ താമരയായിരിക്കും വഴി തെളിക്കുക,” യോഗി ആദിത്യനാഥ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി തലസ്ഥാനമായ ലഖ്നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ജനുവരി 15 വരെ റാലികള്‍ക്കും പദയാത്രയ്ക്കും അനുമതിയില്ല. റോഡ് ഷോക്കും അനുമതിയില്ല. പ്രചാരണം പരമാവധി ഡിജിറ്റലാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.