Advertisement
national news
കുടിയേറ്റം തടയാനുള്ള വേലികെട്ടാന്‍ ഭൂമി വിട്ടുകൊടുക്കുന്നില്ല; മമതാ സര്‍ക്കാരിനെതിരെ ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 24, 05:20 pm
Tuesday, 24th September 2024, 10:50 pm

റാഞ്ചി: ബദേഷ് അതിര്‍ത്തി സംരക്ഷിക്കാന്‍ മമതാസര്‍ക്കാര്‍ ഭൂമി നല്‍കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി നേതാവും പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ വേലിയില്ലാത്ത പ്രദേശങ്ങളിലൂടെ പശ്ചിമബംഗാളിലേക്ക് പ്രവേശിക്കുന്നുവെന്നും നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നുമാണ് സുവേന്ദു ആരോപിക്കുന്നത്.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ് ജാര്‍ഖണ്ഡിന്റെ പ്രധാന ആശങ്കയെന്നും എന്നാല്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വേലി കെട്ടാന്‍ ബി.എസ്.എഫിന് ഭൂമി നല്‍കിയില്ലെന്നും ആരോപിച്ചു. മമതയുടെ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും സുവേന്ദു പറഞ്ഞു.

‘ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഫെന്‌സിങ്ങ് പൂര്‍ത്തിയാക്കാന്‍ മാമതാ ബാനര്‍ജി ബി.എസ്.എഫിന് ഭൂമി വിട്ടുനല്‍കുന്നില്ല. ഇത്തരത്തില്‍ ബി.എസ്.എഫിന് നല്‍കാത്ത 72 സഥലങ്ങള്‍ പശ്ചിമബംഗാളില്‍ ഉണ്ട്. ഭൂമി നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടിട്ടും അവര്‍ അത് നല്‍കിയില്ല. വോട്ട് ബാങ്കിനും പ്രീണനരാഷ്ട്രീയത്തിനും വേണ്ടിയാണത്,’ സുവേന്ദു പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാര്‍ ജാര്‍ഖണ്ഡിലെ ഹിന്ദുക്കള്‍ക്കും ആദിവാസികള്‍ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അവസാനിപ്പിക്കാന്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാര്‍ ആവശ്യമാണെന്നും അദ്ദേപം ചൂണ്ടിക്കാട്ടി.

ജാര്‍ഖണ്ഡിലെ ജനങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും 90 ലക്ഷം ആളുകളില്‍ 90 ശതമാനം ജനങ്ങളും താമരയ്ക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി നടത്തുന്ന റാലിയിലാണ് സുവേന്ദുവിന്റെ പരാമര്‍ശം.

Content Highlight: BJP LEADER AGAINST WEST BENGAL CM MAMATHA BANARJI