സംസ്ഥാന നേതൃത്വത്തിനെതിരെ ലഭിച്ച പരാതികളെല്ലാം അമിത് ഷായ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്; പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയാണെന്നും ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍
കണ്ണൂര്‍: സംസ്ഥാന ബി.ജെ.പിയില്‍ നിന്നും അംഗങ്ങള്‍ പുറത്തു പോകുകയാണെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന നേതാവും മുന്‍ ദക്ഷിണേന്ത്യന്‍ സംഘടനാ സെക്രട്ടറിയുമായ പി.പി മുകുന്ദന്‍. സംസ്ഥാന ബി.ജെ.പിയില്‍ ഗ്രൂപ്പുകള്‍ സജീവമാണെന്നും ഗ്രൂപ്പില്ലാത്ത നിഷ്പക്ഷമതികള്‍ പാര്‍ട്ടി വിടുകയുമാണെന്നാണ് പി പി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടിയെ ബാധിച്ച രോഗം കണ്ടെത്തണം. കെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ ഗ്രൂപ്പുകള്‍ ഇല്ലാതാകുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായെന്നും മുകുന്ദന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുണ്ട്, മനോവിഷമവും. ഇക്കാര്യത്തില്‍ പലരും തനിക്ക് കത്തയച്ചു. അതെല്ലാം ദേശീയ അധ്യക്ഷന് അയച്ചുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നൊരുക്കങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. എളുപ്പം ജയിക്കാമെന്ന മുന്‍വിധിയുമായി മുന്നോട്ടുപോയാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫലമാണുണ്ടാവുക. പാര്‍ട്ടിക്കുവേണ്ടി നടന്ന് ചെരുപ്പ് തേഞ്ഞവരെ വിസ്മരിക്കരുതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി നിലപാടിന്റെ നേട്ടംകൊയ്തത് യു.ഡി.എഫാണെന്നും ആരോപിച്ചു. സി.കെ ജാനുവും പി.സി ജോര്‍ജുമെല്ലാം വന്നുപോയി. പി സി തോമസ് പോകാനൊരുങ്ങുന്നു. സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് പിളര്‍ന്നു. എന്‍.ഡി.എയില്‍ ആളില്ല.
മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കുമ്പോള്‍ കേരളത്തില്‍മാത്രം എന്തുകൊണ്ട് നടക്കുന്നില്ലെന്ന് നേതൃത്വം പറയണമെന്നും മുകുന്ദന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്ത് ജയിച്ചെങ്കിലും നിയമസഭയില്‍ അദ്ദേഹം പാര്‍ട്ടിക്ക് വിഷമമാണ് ഉണ്ടാക്കിയത്. പാര്‍ട്ടി പ്രത്യയശാസ്ത്രം മുറുകെപ്പിടിക്കാന്‍ രാജഗോപാലിന് കഴിഞ്ഞില്ലെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചത് താഴെ തട്ടിലെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാക്കിയെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും നേരത്തെ നേതൃത്വം വിലയിരുത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിലപാടെടുത്ത് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് ബി.ജെ.പിയിലെ ഭിന്നതകള്‍ പുറത്തുവരുന്നത്.
അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബി.ജെ.പിക്ക് ഒരു മെമ്പര്‍ പോലും ഇല്ലാതിരുന്ന സമയത്താണ് പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക