ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ സംസാരിച്ച ബി.ജെ.പി നേതാവിനെതിരെ പാര്‍ട്ടി. മുന്‍ എം.പിയായ പ്രേംചന്ദ് ഗുഡ്ഡുവിനോടാണ് ബി.ജെ.പി വിശദീകരണം ആവശ്യപ്പെട്ടത്.
സിന്ധ്യയെയും കുടുംബത്തെയും ഉന്നംവെച്ച് വിശ്വാസ വഞ്ചകര്‍ എന്നായിരുന്നു ഗുഡ്ഡു പറഞ്ഞത്. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തെരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട് എന്നായിരുന്നു ഗുഡ്ഡുവിന്റെ പരാമര്‍ശം.
ഗുഡ്ഡുവും ബി.ജെ.പി നേതാവ് കൂടിയായ മകനും ഇതിന് മുമ്പും കോണ്‍ഗ്രസിനോട് ചായ്‌വുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കമല്‍ നാഥ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിന്ധ്യയെ ഉന്നംവെച്ചിരിക്കുകയാണ് ഗുഡ്ഡു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഗുഡ്ഡു ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഇപ്പോള്‍ ബി.ജെ.പി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനോട് ഫെബ്രുവരിയില്‍ത്തന്നെ താന്‍ പാര്‍ട്ടി വിട്ടതാണെന്നും ബി.ജെ.പിയില്‍ ചേര്‍ന്നത് അബദ്ധമായെന്ന് മനസിലായിരുന്നെന്നുമാണ് ഗുഡ്ഡു പ്രതികരിച്ചത്. എന്നാല്‍ ഈ വാദം ബി.ജെ.പി നിഷേധിച്ചു.
മധ്യപ്രദേശില്‍ എം.എല്‍.എമാര്‍ രാജിവെച്ച 24 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുഡ്ഡുവിന്റെ വിമര്‍ശനം. ഈ തെരഞ്ഞെടുപ്പാവും ബി.ജെ.പിയുടെ വിധി നിര്‍ണയിക്കുക.
ജലവിഭവ വകുപ്പ് മന്ത്രി തുള്‍സിറാം ശിലാവത്ത് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഫലത്തില്‍ അത് സിന്ധ്യയുടെ തോല്‍വിയായിരിക്കുമെന്നും ഗുഡ്ഡു പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍നിന്നും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന വ്യക്തിയാണ് തുള്‍സിറാം.
തുടര്‍ന്ന് അധികാരമേറ്റെടുത്ത ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലും തുള്‍സിറാം ഇടംനേടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ മാത്രമേ തുള്‍സിറാമിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയൂ. എന്നാല്‍ ജനം തുള്‍സിറാമിനെ പാഠം പഠിപ്പിക്കുമെന്നാണ് ഗുഡ്ഡു പറയുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രധാന ആരോപണം സര്‍ക്കാര്‍ കര്‍ഷകരുടെ വിഷയത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു. എന്തുകൊണ്ടാണ് സിന്ധ്യ ഇപ്പോഴത് ആവശ്യപ്പെടാത്തതെന്നും ഗുഡ്ഡു ചോദിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക