ചണ്ഡീഗഡ്: ബി.ജെ.പി നേതാവ് ആംബുലന്‍സ് തടഞ്ഞിട്ടതിനെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. ബി.ജെ.പി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാല്‍ സഞ്ചരിച്ച കാറും ആംബുലന്‍സും കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷംമൂലം ആംബുലന്‍സ് ഏറെ നേരം ദര്‍ശന്‍ റോഡില്‍ തടഞ്ഞുവെക്കുകയായിരുന്നു.
42 കാരനായ നവീന്‍ സോണിയാണ് ചികിത്സ കിട്ടാതെ മരിച്ചത്. തന്റെ കാറിലിടിച്ച് നിര്‍ത്താതെ ആംബുലന്‍സിനു കുറുകെ വാഹനം നിര്‍ത്തി നഷ്ടപരിഹാരം ആവശ്യപ്പെട്ട ദര്‍ശന്‍, രോഗി ഗുരുതരാവസ്ഥയിലാണെന്നറിയിച്ചിട്ടും തങ്ങളെ കടത്തിവിട്ടില്ലെന്ന് നവീന്‍ സോണിയുടെ ബന്ധുക്കള്‍ പറയുന്നു.
ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിപ്പോയിരുന്നു. 15 മിനിറ്റ് മുമ്പെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേ സമയം നവീന്‍ സോണിയുടെ മരണത്തിന് ദര്‍ശനാണ് ഉത്തരരവാദിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ താന്‍ ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ദര്‍ശന്റെ വാദം.
ഹരിയാനയിലെ ഫത്തേഹ്പൂര്‍ കൗണ്‍സിലറാണ് ദര്‍ശന്‍ നാഗ്പാല്‍.