കൊല്ലം: സി.പി.ഐ.എമ്മിന്റെ വനിതാ എം.എല്‍.എമാരെയും അവരുടെ കുടുംബാംഗങ്ങളെയും ആക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി.
ബി.ജെ.പി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി വയയ്ക്കല്‍ സോമനാണ് സംഭവം നടന്ന അന്ന് വൈകിട്ട് മുതല്‍ ഒളിവില്‍ പോയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് നവംബര്‍ 19 ന് സംസ്ഥാന വ്യാപകമായി നടത്തിയ ഒന്നര മണിക്കൂര്‍ വഴി തടയല്‍ സമരത്തിനിടയിലായിരുന്നു സോമന്റെ വിവാദ പ്രസംഗം.
വനിത എം.എല്‍.എമാരെ കൂടാതെ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്കെതിരെയും അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചതിനും സോമനെതിരെ കേസെടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൗരവമേറിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 354 (ലൈംഗികച്ചുവയോടെ സ്ത്രീകളെ പരസ്യമായി അപമാനിക്കല്‍), 294 ബി (പൊതുസ്ഥലത്തെ അശ്ലീല പദപ്രയോഗം), 509 (സ്ത്രീകളുടെ അന്തസിനെ ഇകഴ്ത്തല്‍), 153 (അശ്ലീലം കലര്‍ന്ന ആംഗ്യങ്ങളോടെയുള്ള പെരുമാറ്റം), കൂടാതെ കേരള പൊലീസ് ആക്ടിലെ 119 എ (പൊതു സ്ഥലത്ത് സ്ത്രീകളെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തൃപ്തി ദേശായിയെ തടഞ്ഞു, നിരോധിത മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു; കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്
കേസെടുത്തതിന് പിന്നാലെ സോമന്‍ ഒളിവില്‍ പോകുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മൊബൈല്‍ സിമ്മുകളും സംഭവശേഷം പ്രവര്‍ത്തന രഹിതമാണ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം കെ.സുരേന്ദ്രനെ അറസറ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിലുണ്ടായ വികാരത്തിന്റെ പുറത്ത് നടത്തിയ പ്രസംഗം മന:പൂര്‍വമായിരുന്നില്ലെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥിന്റെ വിശദീകരണം.