| Tuesday, 4th May 2021, 9:05 pm

ഒരു എം.എല്‍.എയെ അല്ലേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് ബി.ജെ.പി നേതാവ് ചാനല്‍ ചര്‍ച്ചയില്‍; ആകെ ഒരു എം.എല്‍.എ അല്ലേ ഉള്ളു എന്ന് അവതാരകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ ബി.ജെ.പിയുടെ ഭാവി നഷ്ടപ്പെട്ടിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി. ഉണ്ണികൃഷ്ണന്‍. ബി.ജെ.പിയെ സംബന്ധിച്ച് ഒരു എം.എല്‍.എയേ നഷ്ടപ്പെട്ടിട്ടുള്ളു എന്നും വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 24 ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ ബി.ജെ.പിയുടെ ഭാവിയൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഒരു എം.എല്‍.എയേ നഷ്ടപ്പെട്ടിട്ടുള്ളു. അല്ലാതെ യു.ഡി.എഫിനെ പോലെ ഭരണം ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. കോണ്‍ഗ്രസിന് എന്താണ് സംഭിവിക്കുന്നതെന്നറിയോ. ലീഗിന് എന്താണ് സംഭവിക്കുന്നത് എന്നറിയുമോ?,’ ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

എന്നാല്‍ ആകെ ഒരു എം.എല്‍.എയേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് പറയുമ്പോള്‍ ആകെ ഒരു എം.എല്‍.എയേ ഉണ്ടായിരുന്നുള്ളു. ആ എം.എല്‍.എയെ ആണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്നാണ് അവതാരകന്‍ മറുപടി പറഞ്ഞത്.

എന്നാല്‍ 2016 ല്‍ അല്ലേ ബി.ജെ.പിക്ക് എം.എല്‍.എ ഉണ്ടായിട്ടുള്ളു. അതിനുമുമ്പും കേരളത്തില്‍ അരനൂറ്റാണ്ടായി ബി.ജെ.പി പ്രവര്‍ത്തിച്ചു വരികയാണെന്നും ഇനിയും അതുപോലെ പ്രവര്‍ത്തിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പി ഫീനിക്‌സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാതെ മഞ്ചേശ്വരത്ത് മത്സരിച്ചത് വിജയ സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം അടിമുടി മാറുമോ, ബിജെപിയുടെ രാഷ്ട്രീയ ഭാവിയെന്ത്? തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

നേമത്ത് 2016ല്‍ എന്‍.ഡി.എ വിജയിച്ച മണ്ഡലം ഇത്തവണ എല്‍.ഡി.എഫിന്റെ വി.ശിവന്‍കുട്ടി തിരിച്ചുപിടിക്കുകയായിരുന്നു. ഇതോടെ ബി.ജെ.പിക്ക് നിയമസഭയില്‍ ഉണ്ടായിരുന്ന ഏക പ്രാതിനിധ്യവും നഷ്ടമായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP leader about losing Nemom MLA in Thiruvananthapuram

We use cookies to give you the best possible experience. Learn more