'ഒരു ഇന്ത്യ ഒരു ഭാഷ' നയം നടപ്പിലാക്കാനുള്ള സമയമെന്ന് അബ്ദുള്ളക്കുട്ടി; യു.എ.ഇയിലും അമേരിക്കയിലും ഹിന്ദി സിനിമ കാണുന്നവര്‍ ഹിന്ദി സംസാരിക്കുന്നുണ്ട്, കേരളത്തിലും തമിഴ്‌നാട്ടിലും അങ്ങനെ തന്നെയെന്നും പരാമര്‍ശം
national news
'ഒരു ഇന്ത്യ ഒരു ഭാഷ' നയം നടപ്പിലാക്കാനുള്ള സമയമെന്ന് അബ്ദുള്ളക്കുട്ടി; യു.എ.ഇയിലും അമേരിക്കയിലും ഹിന്ദി സിനിമ കാണുന്നവര്‍ ഹിന്ദി സംസാരിക്കുന്നുണ്ട്, കേരളത്തിലും തമിഴ്‌നാട്ടിലും അങ്ങനെ തന്നെയെന്നും പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 6:04 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ തുടങ്ങിവെച്ച ഭാഷാ വിവാദത്തിനിടെ പുതിയ നീക്കത്തിനായുള്ള ചരടുവലികള്‍ തുടങ്ങി ബി.ജെ.പി നേതാക്കള്‍. ‘ഒരു ഇന്ത്യ ഒരു ഭാഷ’ എന്ന നയം നടപ്പിലാക്കാന്‍ ഇതാണ് പറ്റിയ അവസരമെന്നാണ് ബി.ജെ.പി നേതാക്കള്‍ വിലയിരുത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെറിയ രീതിയിലുള്ള പിന്തുണയുണ്ടെങ്കില്‍ തന്നെ ‘ഒരു രാജ്യം ഒരു നികുതി’ എന്ന പോലെ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന നയവും നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് മുന്‍ എം.പിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ അബ്ദുള്ളക്കൂട്ടി പറയുന്നത്.

ഹിന്ദി സിനിമകള്‍ കാണുന്നതുകൊണ്ടും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതുകൊണ്ടും കേളത്തിലേയും തമിഴ്‌നാട്ടിലേയും പുതിയ തലമുറ മെച്ചപ്പെട്ട ഹിന്ദിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാരണം കൊണ്ടുതന്നെ ഏകഭാഷാ നയം കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

‘എന്റെ കുടുംബത്തില്‍ പോലും, കൊച്ചുമക്കള്‍ എന്നെക്കാളും നല്ല രീതിയില്‍ ഹിന്ദി സംസാരിക്കുന്നവരാണ്. ഇത് പുതിയ ട്രെന്റ് ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതു തന്നെയാണ് എറ്റവും മികച്ച സമയം.

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ചെറിയ രീതിയിലുള്ള പിന്തുണയുണ്ടായാല്‍ ഒരു രാജ്യം ഒരു നികുതി എന്ന പോലെ ഒരു രാജ്യം ഒരു ഭാഷ എന്ന നയം നടപ്പിലാക്കാന്‍ സാധിക്കും,’ അബ്ദുള്ളക്കുട്ടി ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു.

യു.എ.ഇയിലും അമേരിക്കയിലും ആളുകള്‍ ഹിന്ദി സിനിമ കാണുന്നവരാണെന്നും അവര്‍ക്ക് ഹിന്ദി മനസിലാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് ഹിന്ദി കേവലം ഇന്ത്യയിലെ ഒരു ഭാഷ മാത്രമല്ല, അതൊരു അന്താരാഷ്ട്ര ഭാഷ എന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഒരിക്കലും പ്രാദേശിക ഭാഷകള്‍ക്ക് എതിരല്ല.

പുതിയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി) ഇക്കാര്യം വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. നീറ്റ് (NEET) ക്യാറ്റ് (CAT) പോലുള്ള പരീക്ഷകളും പ്രാദേശികഭാഷയില്‍ തന്നെ സംഘടിപ്പിക്കുന്നുണ്ട്,’ അബ്ദുള്ളക്കുട്ടി പറഞ്ഞു.

പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അമിത് ഷാ സംസ്ഥാനങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്.

‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.

ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.

ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്നും ഹിന്ദിയിലേക്ക് വാക്കുകള്‍ കടമെടുത്ത് ഹിന്ദിയെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കണമെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി സംസാരിച്ചു.

Content Highlight: BJP leader Abdullakkutty say time is right for ‘One Nation One Language’