കഴിഞ്ഞ രണ്ട് ദിവസമായി വലതുപക്ഷ, ഹിന്ദുത്വ പേജുകളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഇരയാവുകയാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഹിന്ദു സമൂഹത്തെ മനഃപൂര്‍വം കരിവാരിതേക്കാന്‍ വേണ്ടി പുഴു എന്ന സിനിമ സംവിധായികയെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ചതാണെന്ന ആരോപണത്തിന് പിന്നാലെയാണ് മമ്മൂട്ടിയെ വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചത്.
പുഴുവിന്റെ സംവിധായിക റത്തീനയുടെ ഭര്‍ത്താവ് ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണ് പുഴു എന്ന സിനിമ ചെയ്തതെന്ന് ആരോപിച്ചത്. ഇതിന് പിന്നാലെ ഈയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് താരത്തിനെതിരെ വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന ഗ്രൂപ്പുകളും പേജുകളും മമ്മൂട്ടിക്കെതിരെ വലിയ രീതിയില്‍ ഹേറ്റ് ക്യാമ്പയിനുമായി രംഗത്തെത്തി.
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ, മട്ടാഞ്ചേരി മാഫിയയുടെ തലവന്‍, കമ്മ്യൂണിസ്റ്റ് മേലങ്കിയണിഞ്ഞ വര്‍ഗീയവാദി എന്നിങ്ങനെ പല വിമര്‍ശനങ്ങളും താരത്തിന് മേലെ ആരോപിച്ചു. എന്നാല്‍ കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തിനെതിരെ ചെറുത്തു നിന്നു. മന്ത്രിമാരും, എം.എല്‍.എമാരും എം.പിമാരും മലയാളത്തിന്റെ മമ്മൂട്ടിയെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പിന്തുണ പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ ആരാധകരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.
ഏറ്റവുമൊടുവില്‍ താരത്തിനെ പിന്തുണച്ച് ബി.ജെ.പി നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ മതതീവ്ര ആശയങ്ങളുമായോ അജണ്ടയുമായോ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത്തരക്കാരെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണമെന്നും പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം,
കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടന്‍.
നായരും നമ്പൂതിരിയും നാടാരും ദളിതനും മുസല്‍മാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളില്‍ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്.
മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെയുള്ള കലാരൂപത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിര്‍ത്തുകയും വേണം.
Content Highlight: BJP leader A N Radhakrishnan came to support Mammootty after the cyber attack