| Monday, 9th September 2019, 11:51 pm

'രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തില്‍ രാജ്യദ്രോഹി'; പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്നും ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സിവില്‍ സര്‍വീസില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച കര്‍ണാടകയിലെ ഐ.എ.എസ് ഓഫീസര്‍ എസ്. ശശികാന്ത് സെന്തിലിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ ബി.ജെ.പി എം.പിയുമായ അനന്ത് കുമാര്‍ ഹെജ്ഡെ.

ശശികാന്ത് സെന്തില്‍ രാജ്യദ്രോഹിയാണെന്നും കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനന്ത് കുമാര്‍ പറഞ്ഞു.

സെന്തില്‍ രാജ്യത്തിന്റെ അകത്തു നില്‍ക്കുന്നതിനേക്കാള്‍ പാക്കിസ്ഥാനിലേയ്ക്ക് പോയി രാജ്യത്തിനെതിരെ നേരിട്ട് പോരാടണമെന്നും അനന്ത് കുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേന്ദ്ര സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ മലിനമായ മനോഭാവം പുറത്തുവന്ന സ്ഥിതിക്ക് അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഈ ‘ഗദ്ദറിനെ’ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണ്.’ അനന്ത് കുമാര്‍ ട്വീറ്റ് ചെയ്തു.

2009 ബാച്ചിലെ ഐ.എ.എസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്നു ശശികാന്ത് സെന്തില്‍. ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സെന്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

‘ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളിലെ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് അനീതിയായത് കൊണ്ടാണ്’ താന്‍ രാജിവെക്കുന്നതെന്നാണ് സെന്തില്‍ പറഞ്ഞത്.

‘വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് ബുദ്ധിമുട്ടേറിയ വെല്ലുവിളികളെ നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ഐ.എ.എസ് രംഗത്ത് നിന്ന് പുറത്തു കടക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.’ സെന്തില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഐ.എ.എസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥനും സിവില്‍ സര്‍വ്വീസില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജോലിയേക്കാള്‍ വലുത് തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

We use cookies to give you the best possible experience. Learn more