കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ്ങിനെ ബി.ജെ.പി നേതൃത്വം തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
Karnataka Election
കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ്ങിനെ ബി.ജെ.പി നേതൃത്വം തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th May 2018, 12:52 pm

 

ബെംഗളുരു: കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ്ങിനെ ബി.ജെ.പി നേതൃത്വം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അദ്ദേഹത്തെ ബി.ജെ.പി വിട്ടാല്‍ സഭയിലെത്തി കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

വിജയനഗരയില്‍ നിന്നാണ് ആനന്ദ് സിങ് പാട്ടീല്‍ വിജയിച്ചത്.

11മണി മുതല്‍ സത്യപ്രതിജ്ഞയ്ക്കായുള്ള നടപടികള്‍ തുടങ്ങിയിട്ടും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ് പാട്ടീലിനു പുറമേ പ്രതാഭ് പാട്ടീലാണ് സഭയില്‍ എത്താത്തത്.

ബി.ജെ.പി എന്താണെന്ന് ലോകം മുഴുവന്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി പറഞ്ഞു. അവര്‍ക്ക് 104 പേരുടെ പിന്തുണയേ ഉള്ളൂവെന്ന് നന്നായി അറിയാം. എന്നിട്ടും ഞങ്ങളുടെ എം.എല്‍.എമാരെ വിലക്കെടുക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുകയാണവര്‍. രണ്ട് എം.എല്‍.എമാര്‍ ഇവിടെ എത്തിയിട്ടില്ല. അവര്‍ എപ്പോള്‍ എത്തിയാലും കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: കോണ്‍ഗ്രസിന് തിരിച്ചടി; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ല


രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. അഞ്ച് അംഗങ്ങള്‍ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് മുന്‍പ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കണം. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.

11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.