| Friday, 12th August 2022, 1:10 pm

ഓണം ഹൈന്ദവ ആഘോഷമാക്കാന്‍ ബി.ജെ.പി നീക്കം; വാമനജയന്തി വീണ്ടും പരീക്ഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കേരളത്തിലെ ബി.ജെ.പി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാംസ്‌കാരിക ആഘോഷമായ ഓണത്തെ ഹൈന്ദവ ആഘോഷമാക്കി മാറ്റുകയെന്ന ‘ഹിന്ദുത്വ’ പരീക്ഷണത്തിനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കോപ്പുകൂട്ടുന്നത്.

‘കേരളത്തിന്റെ സ്വത്വം തിരിച്ചുപിടിക്കുക’യെന്ന പദ്ധതിയുടെ ഭാഗമായാണ് ഓണത്തിന്മേലുള്ള പരീക്ഷണം ആദ്യം നടത്തുക. സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നയത്തിന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് അനുമതി നല്‍കിയെന്നാണ് വിവരം.

ബി.ജെ.പിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്സവമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണത്തില്‍ ഊന്നല്‍ നല്‍കുക.

അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതിനൊപ്പം, തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചരണം നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

മഹാബലി സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കേരളത്തിലെ ഓണാഘോഷത്തില്‍ മുഖ്യപങ്ക്. എന്നാല്‍ ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാന്‍ വിവാദങ്ങളുണ്ടാവാത്ത തരത്തില്‍ പ്രചരണ പരിപാടികള്‍ വീണ്ടും നടത്താനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.

ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്നെ ഓണത്തെ വാമനനുമായി ബന്ധപ്പെടുത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘വാമനജയന്തി’ ആശംസകള്‍ നേര്‍ന്നിരുന്നു. ഇത് കേരളത്തിലെ ബി.ജെ.പി നേതാക്കളും ഏറ്റുപിടിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അതേസമയം, തിരൂരില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമരം തുടങ്ങും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ കണ്‍വീനറായി ഇതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, മന്നത്ത് പദ്മനാഭന്‍, അയ്യങ്കാളി തുടങ്ങിയവരെ മുന്‍നിര്‍ത്തി പാര്‍ട്ടി പരിപാടികള്‍ നടത്താനും സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്.

ശ്രീനാരായണഗുരു ഹിന്ദു സന്യാസി തന്നെയാണെന്ന് സ്ഥാപിക്കാനായി സെമിനാറുകള്‍ നടത്തും. ഗുരുജയന്തിയും സമാധിയും പാര്‍ട്ടി തന്നെ ആചരിക്കും. വര്‍ക്കല റെയില്‍വേ സ്റ്റേഷന് ശ്രീനാരായണഗുരുവിന്റെ പേരിടാനായി കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നുമാണ് വിവരം.

Content Highlight: BJP Kerala move to use Onam festival for Hindutva political experiment

We use cookies to give you the best possible experience. Learn more