318 ബൂത്തുകളില്‍ ഒറ്റവോട്ടുമില്ല, 493 ബൂത്തുകളില്‍ ഒരു വോട്ട് മാത്രം; കേരളത്തില്‍ ബി.ജെ.പി നേരിട്ടത് വന്‍തോല്‍വി
Kerala Election 2021
318 ബൂത്തുകളില്‍ ഒറ്റവോട്ടുമില്ല, 493 ബൂത്തുകളില്‍ ഒരു വോട്ട് മാത്രം; കേരളത്തില്‍ ബി.ജെ.പി നേരിട്ടത് വന്‍തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 3:14 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കി പ്രചരണം നടത്തിയിട്ടും ബി.ജെ.പി നേരിട്ടത് വന്‍ പരാജയം. സംസ്ഥാനത്തെ 318 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ല.

ഇതില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തേയും കോന്നിയിലേയും രണ്ട് ബൂത്തുകളും ഉള്‍പ്പെടും.

59 നിയോജക മണ്ഡലങ്ങളിലെ 318 ബൂത്തുകളിലാണ് ബി.ജെ.പിയ്ക്ക് ഒറ്റവോട്ടും നേടാനാകാത്തത്. 70 മണ്ഡലങ്ങളിലായി 493 ബൂത്തുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് ഒരു വോട്ട് മാത്രമാണ്.

ആയിരത്തിലധികം ബൂത്തുകളില്‍ എന്‍.ഡി.എയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെ വോട്ട് മാത്രമാണ് ലഭിച്ചത്.

എം.ടി. രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തിലെ ഒരു ബൂത്തില്‍ ആരും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല. സിനിമാ താരം കൃഷ്ണകുമാര്‍ മത്സരിച്ച തിരുവനന്തപുരത്തെ എട്ട് ബൂത്തുകളില്‍ അദ്ദേഹത്തിന് ഒരു വോട്ട് പോലുമില്ല.

മൊത്തം മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയപ്പോഴും അഞ്ചിടത്ത് ഓരോ വോട്ടും മറ്റ് 19 ബൂത്തില്‍ അഞ്ചില്‍ താഴെ വോട്ടും മാത്രമാണ് കൃഷ്ണകുമാറിന് നേടാനായത്. അതേസമയം ബി.ജെ.പി പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് ലഭിച്ചില്ലെന്ന പരാതിയുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.

ഏറ്റവുമധികം വോട്ടില്ലാ ബൂത്തുകളും ഒറ്റ വോട്ട് ബൂത്തുകളും മലപ്പുറം ജില്ലയിലാണ്. അവിടെ നിലമ്പൂര്‍ ഒഴികെ 15 മണ്ഡലത്തിലും ഇത്തരം ബൂത്തുകളുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് എന്‍.ഡി.എക്ക് ഏറ്റവുമധികം വോട്ടില്ലാത്ത ബൂത്ത്. ഇവിടെ 34 ബൂത്തില്‍ വോട്ടില്ലാതായപ്പോള്‍ 16 ബൂത്തില്‍ ഓരോ വോട്ട് മാത്രമാണ് കിട്ടിയത്.

നേരത്തെ ബി.ജെ.പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം വാര്‍ത്തയായിരുന്നു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, എസ്. സുരേഷ്, ജെ. ആര്‍ പത്മകുമാര്‍ എന്നിവര്‍ തമ്മിലായിരുന്നു വാക്പോര്. മണ്ഡലം പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലായിടത്തും എന്‍.എസ്.എസ് വോട്ടുകള്‍ ചോര്‍ന്നുവെന്നും വിലയിരുത്തലുണ്ട്.

നെടുമങ്ങാട്ടെ തോല്‍വിയിലെ റിപ്പോര്‍ട്ട് അവതരണത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജെ. ആര്‍ പത്മകുമാറിനെ മണ്ഡലം പ്രസിഡന്റ് വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ജില്ലാ നേതൃത്വത്തില്‍ നിന്നും വേണ്ട സഹായം ലഭിച്ചില്ലെന്നാണ് പത്മകുമാര്‍ മറുപടി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Kerala Huge Setback Kerala Election 2021