| Sunday, 27th December 2020, 4:40 pm

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരാളം താമര വിരിയും: പി.കെ കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരാളം താമര വിരിയുമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷനും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.കെ കൃഷ്ണദാസ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു അട്ടിമറി ജയം അസാധ്യമായെന്നും അദ്ദേഹം പറഞ്ഞു. ജയിക്കാനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കുള്ളില്‍ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ നിരവധി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാലക്കാട് ബി.ജെ.പിയില്‍ ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചു വിട്ടുവെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ് പറഞ്ഞു.പൂക്കോട്ടുകാവ്, തേങ്കുറിശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ ബി.ജെ.പി കമ്മറ്റികളാണ് പിരിച്ചു വിട്ടത്. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് നടപടി.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗം എ.കെ ലോകനാഥനെ പുറത്താക്കിയത്. ജില്ലാ കമ്മറ്റി അംഗം ബി.കെ ശ്രീലത, ലക്കിടി പേരൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗം എന്‍.തിലകന്‍, കര്‍ഷകമോര്‍ച്ച ലക്കിടി പേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ലക്കിടി പേരൂരിലെ അശോക് കുമാര്‍, തേങ്കുറിശ്ശിലെ എം ശ്യാംകുമാര്‍, മരുതറോഡിലെ ശ്രീജ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ സ്മിത നാരായണന്‍ എന്നീ നേതാക്കളെയും ബി.ജെ.പി പുറത്താക്കിയിട്ടുണ്ട്.

നേരത്തെ തൃശൂര്‍ ബി.ജെ.പിയിലും കൂട്ട അച്ചടക്ക നടപടി നേതൃത്വം എടുത്തിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കേശവദാസ് , കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങി ഒന്‍പതു പേരെയാണ് പുറത്താക്കിയത്. ആറു വര്‍ഷത്തേയ്ക്കാണ് അച്ചടക്ക നടപടി. ബി.ഗോപാലകൃഷ്ണന്‍ തോറ്റ വാര്‍ഡിലെ സിറ്റിങ്ങ് കൗണ്‍സിലറായിരുന്നു ലളിതാംബിക. ഗോപാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ വോട്ടു മറിച്ചതായി ആക്ഷേപം ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Kerala Election Won PK Krishnadas

We use cookies to give you the best possible experience. Learn more