| Friday, 12th July 2019, 8:01 pm

പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തര്‍ക്കത്തിലുള്ള പള്ളികളും സെമിത്തേരികളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തി. നിര്‍ദേശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇങ്ങനെ ഏറ്റെടുക്കുന്നതു പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ വാദം.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് കുര്യനെയാണ് ശ്രീധരന്‍ പിള്ള അതൃപ്തി അറിയിച്ചിരിക്കുന്നത്. ബി.ജെ.പി മുന്‍ സംസ്ഥാന നേതാവ് കൂടിയാണ് ജോര്‍ജ് കുര്യന്‍. ഇരുവരും ദല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് മാതൃഭൂമി ന്യസ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റു മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മീഷന്റെ നിര്‍ദേശം ഇടയാക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പകരം മറ്റു മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭാതര്‍ക്കത്തെ തുടര്‍ന്നു മൃതദേഹം വെച്ചുകൊണ്ടുള്ള വിലപേശല്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി സെമിത്തേരിയും പള്ളിയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു കഴിഞ്ഞദിവസമാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്നും സര്‍ക്കാരിനു ന്യൂനപക്ഷ കമ്മീഷന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും കഴിഞ്ഞദിവസം ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more